പുഴയുടെ ആത്മാവ് തേടി ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച എന്റെ മണിമലയാര്‍ പുഴ പഠനയാത്രയ്ക്ക് പുതിയ വഴിത്തിരിവ്. സംസ്ഥാനത്തെ നാലു ജില്ലകളിലൊഴുകുന്ന മണിമലയാറിനെയും ആറ്റുതീരത്തെ സംസ്‌കാരങ്ങളെയും സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ പദ്ധതിക്കാണ് പുഴ പഠനം തുടക്കമിടുന്നത്. കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ നിന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ നേതൃത്വത്തില്‍ അതിരാവിലെ ആരംഭിച്ച എന്റെ മണിമലയാര്‍ പുഴ പഠന യാത്ര വൈകിട്ട് കോട്ടയം ജില്ലയുടെ അതിര്‍ത്തി പ്രദേശത്ത് പട്ടനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ തിരുനാലിട ശിവക്ഷേത്രത്തില്‍ സമാപിക്കുമ്പോള്‍ ഉരുത്തിരിഞ്ഞ ആശയങ്ങളാണ് വലിയ പദ്ധതിയായി പരിണമിക്കുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന മണിമലയാറിന്റെ വീണ്ടെടുക്കലാണ് ലക്ഷ്യം. നാലു ജില്ലകളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃസംഘം രൂപീകരിച്ച് പുഴ കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ച് പുഴയെ വീണ്ടെടുക്കാനാണ് ശ്രമം. മണര്‍കാട് സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുന്നന്‍ കുര്യന്റെയും ഡോ. എന്‍. ജയരാജ് എംഎല്‍എയുടെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്റെയും നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പുഴ പഠനയാത്ര രാവിലെ ആനക്കല്ലില്‍ ചിറ്റാര്‍ പുഴയില്‍നിന്നാണു പദ്ധതിക്കു തുടക്കമായത്. പുഴകളെ സംരക്ഷിക്കുന്നതിനു ആദ്യം വേണ്ടത് കൈതോടുകളെയും പോഷകനദികളെയും പുനഃരുജീവിപ്പിക്കുകയാണ്. തുടക്കത്തില്‍ തന്നെ പദ്ധതി ജനം ഏറ്റെടുക്കുന്ന അനുഭവമാണ് നാലു ജില്ലകളെ യോജിപ്പിക്കുന്ന വലിയ ആശയത്തില്‍ എത്തിയത്. പത്തനംതിട്ട ഹരിതകേരളം മിഷന്‍ കോഓര്‍ഡിനേറ്റര്‍  രാജന്‍, കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, പത്തനംതിട്ട സാക്ഷരത മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു എന്നിവരുടെ സംഘത്തില്‍ അമല്‍ജ്യോതി കോളേജിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരും അതത് പ്രദേശങ്ങളിലെ നാട്ടുകാരും ചേര്‍ന്നതോടെ പുതിയ മാനം കൈ വന്നു. നിര്‍ദേശങ്ങളും പുഴയുടെ ചരിത്രവുമായി ജനങ്ങള്‍ തന്നെ മുന്നോട്ടെത്തി. പ്രളയത്തെ പ്രതിരോധിക്കുന്നതില്‍ വന്‍ പങ്കു വഹിച്ച പുഴകളെ പഴയ രീതിയില്‍ വീണ്ടെടുക്കണമെന്നു ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. കാളകെട്ടി, പൂഞ്ഞാര്‍- നരിവേലി, തെക്കു തല എന്നീ മൂന്നു പോഷകനദികള്‍ ചിറ്റാര്‍ തോടാകുന്ന സ്ഥലമാണ് ആനക്കല്‍. രാവിലെ ഏഴിനു ഇവിടെനിന്നു തുടങ്ങിയ പുഴപഠനം എട്ടോളം സ്ഥലങ്ങളാണ് അടിയന്തര ശ്രദ്ധവേണ്ടതായി കണ്ടെത്തിയത്. പുല്ലാട്ട് പാലത്തില്‍ പ്രളയത്തില്‍ കടപുഴകിയ മരം മുറിച്ചു മാറ്റതാണ് പ്രശ്നമെങ്കില്‍ ആനക്കല്‍ ജംങ്ഷനില്‍ ഓടകള്‍ മൂടിപോയതാണ് പ്രശ്നം. തുടര്‍ന്നു കോഴയാനി തോടാണ് സംഘം സന്ദര്‍ശിച്ചത്. അറവുമാലിന്യം തള്ളുന്നതാണ് പ്രദേശത്തെ പ്രധാന പ്രശ്നം. പ്രദേശവാസികളായ രാവിലെ നടക്കാന്‍ പോകുന്ന ഒരുകൂട്ടം ആളുകള്‍ ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സംഘത്തിന്‍െ്റ മേല്‍നാട്ടത്തില്‍ പുഴ സംരക്ഷണം സ്ഥലത്ത് നടന്നുവരുന്നതായി കണ്ടെത്തി. ഇവരെ ഉള്‍പ്പെടുത്തി പുതിയ പദ്ധതികള്‍ നടപ്പാക്കാനാണു തീരമാനം. തുടര്‍ന്നു മണ്ണാര്‍കയത്തെത്തിയ സംഘം മണ്ണാര്‍കയം, അഞ്ചിലിപ്പ ഭാഗത്ത് നിലനില്‍ക്കുന്ന വന്‍ ടൂറിസം സാധ്യതകളാണു കണ്ടെത്തിയത്. പദ്ധതി നടപ്പായാല്‍ വന്‍ തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക. ഗ്രാമീണത്തനിമ തുളുമ്പുന്ന മേഖല ഒരു സമയത്ത് ശബരിമല ഇടത്താവളം കൂടിയായിരുന്നു. ചിറ്റാര്‍, മണിമലയാറില്‍ ചേരുന്ന തൊട്ടടുത്തുള്ള കരിമ്പുകയം ഒരു കാലത്ത് വള്ളംകളി നടന്നിരുന്ന സ്ഥലമാണ്. മണിലയാര്‍ അതിന്റെ എല്ലാ അര്‍ത്ഥത്തതിലും പൂര്‍ണതയിലെത്തുന്നതു ഇവിടെയാണ്്. കാഞ്ഞിരപ്പള്ളി, എരുമേലി പ്രദേശങ്ങളില്‍ വരള്‍ച്ചയില്‍ പോലും വെള്ളം എത്തുന്നതു ഇവിടെനിന്നാണ്. തുടര്‍ന്നു സംഘം യാത്രതിരിച്ചത് പത്തനംതിട്ടയിലെ മല്ലപ്പിള്ളിക്കാണ്. മല്ലപ്പിള്ളിയില്‍ യോഗം ചേര്‍ന്ന സംഘം ഭാവിയില്‍ നടപ്പാക്കേണ്ട പദ്ധതികളാണ് ചര്‍ച്ച ചെയ്തത്. ഹരിതകേരളം പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, സാക്ഷരതാമിഷന്‍ പത്തനംതി്ട്ട ജില്ല കോ ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, മണിമലയാര്‍ സംരക്ഷണ സമിതി അംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്.വി. സുബിന്‍, മണിമല പഞ്ചായത്ത് മെമ്പര്‍ പി.ടി. ചാക്കോ, കാഞ്ഞിരപ്പിള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍്റ് സണ്ണികുട്ടി അഴകമ്പാറ, ശുചിത്വമിഷന്‍ മെമ്പര്‍ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, കാഞ്ഞിരപ്പിള്ളി ഗ്രാന്ഥശാല പ്രവര്‍ത്തകനായ ലാജി മടത്താനിക്കുന്നേല്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.