ഈ വര്‍ഷത്തെ ജില്ലാതല ഗാന്ധി ജയന്തി വാരാഘോഷങ്ങള്‍ക്ക് ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയില്‍ നടത്തിയ പുഷ്പാര്‍ച്ചനയോടെ തുടക്കമായി.  തുടര്‍ന്നു നടന്ന പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ഭാരതത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ പ്രിയ  നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ബഹുസ്വരതയും സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്തുതിന് ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കേണ്ടതുണ്ട്. ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിത ശൈലിയാണ്.അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രാധാന്യമര്‍ഹിക്കുന്നു. ഇന്നത്തെ തലമുറ ഗാന്ധിയന്‍ ദര്‍ശനങ്ങളെ ആഴത്തില്‍ മനസ്സിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഗാന്ധിജി ഇന്ത്യയുടെ എല്ലാ ഭാഗത്തും സഞ്ചരിച്ചു. തിരുനക്കരയും വൈക്കവുമെല്ലാം ഗാന്ധിജിയുടെ പാദസ്പര്‍ശത്താല്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച സ്ഥലങ്ങളാണ്. കേരളത്തില്‍ ഏറെ സാമൂഹിക മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വൈക്കം സത്യാഗ്രഹം നടന്നത് മഹാത്മാവിന്റെ ആശിര്‍വാദത്തോടെയാണ്. ലഹരി വിരുദ്ധ പ്രതിജ്ഞ ഒരു ജീവിത ശൈലിയാക്കി മാറ്റണം. തലമുറകള്‍ ഇതിനായി ഒന്നിച്ചു നില്‍ക്കണമെന്നും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ നവകേരള നിര്‍മാണത്തിന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി മുഖ്യ പ്രഭാഷണം നടത്തി.
എഡിഎം അലക്‌സ് ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഗാന്ധിയന്‍ പ്രവര്‍ത്തകരായ എം.കുര്യന്‍, എം.എന്‍.ഗോപാലകൃഷ്ണന്‍,പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, അസി.എക്‌സൈസ് കമ്മീഷണര്‍ എം.എ.നാസര്‍, ഗ്രാമവികസന വകുപ്പ് പ്രോജക്ട് ഡയറക്ടര്‍ ജെ.ബെന്നി,  എഡിസി (ജനറല്‍) പി.എസ് ഷിനോ,ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.ഷൈലാകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ് 
തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് നന്ദിയും പറഞ്ഞു. 
കൂട്ടയോട്ടം 
ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം കുറിച്ച് സിവില്‍ സ്റ്റേഷന്‍ പരിസത്ത് നിന്നും തിരുനക്കര ഗാന്ധി സ്‌ക്വയര്‍ വരെ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് .തിരുമേനി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, എന്‍.സി.സി, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂട്ടയോട്ടം ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചതിന് ശേഷം ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടന്നു
ചിത്ര പ്രദര്‍ശനം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ വിശദമാക്കുന്ന ചിത്രപ്രദര്‍ശനം ഗാന്ധി സ്‌ക്വയറില്‍ നടന്നു.
ഗാന്ധിസന്ദേശ യാത്ര
തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ നിന്നും കുമാരനെല്ലൂര്‍ വരെ ഗാന്ധിജി സന്ദര്‍ശിച്ച സ്ഥലങ്ങളിലൂടെ ഗാന്ധിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഗാന്ധിസന്ദേശ യാത്ര സംഘടിപ്പിച്ചു. 1937 ജനുവരി 19 ന് ഗാന്ധിജി സന്ദര്‍ശിച്ച കുമാരനെല്ലൂര്‍ ദേവി ക്ഷേത്രത്തിന് സമീപത്തുള്ള കൊട്ടാരത്തില്‍ യാത്ര അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ഗാന്ധിജി സന്ദര്‍ശിച്ച ചടങ്ങില്‍ പങ്കെടുത്ത മൂന്ന് അമ്മമാരെ ആദരിച്ചു. സി.എന്‍ ശാരദ ഭായി ചൂരക്കാട്ടില്ലം, കെ. പങ്കജാക്ഷിയമ്മ വാക്കയില്‍, പി.കെ സരസ്വതിയമ്മ തേടമുറിയില്‍ എന്നിവരെയാണ് ആദരിച്ചത്.
പുനര്‍ജ്ജനിയ്ക്ക് തുടക്കം
ജില്ലയില്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി പുനര്‍ജ്ജനി എന്ന പേരിലാണ് ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കുന്നത്. പ്രകൃതിസംരക്ഷണത്തിനും പരിസ്ഥിതിസൗഹൃദത്തിനും പ്രധാന്യം നല്‍കി ജില്ലയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കിടങ്ങൂര്‍ കാവാലി പുഴകടവില്‍ മണല്‍ത്തിട്ട സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.പടിയറ കടവ് റോഡും പരിസരങ്ങളും ശുചീകരണവും നടന്നു.