ആലപ്പുഴ:ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ഓഫീസുകളിലെ ജീവനക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് പരിസരവും ഓഫീസും ശുചീകരിച്ചു. വിവിധ ഓഫീസുകളിൽ നിന്നുള്ള ജീവനക്കാർ ശുചീകരണത്തിൽ പങ്കാളികളായി. കളക്ടറേറ്റ് ശുചീകരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ കളക്ടർ എസ്.സുഹാസ് എന്നിവരും ശുചീകരണത്തിൽ പങ്കാളികളായി. നെഹ്‌റു യുവകേന്ദ്രയുടെ സന്നദ്ധ പ്രവർത്തകരും കളക്ടറേറ്റ് ശുചീകരണത്തിൽ പങ്കെടുത്തു.

വാൽസല്യം ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ: മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും വർധിച്ചുവരുന്ന പരാതികളും മറ്റ് പരാധീനതകളുംപരിഹരിക്കുന്നതിനായി വയോജന നിയമത്തിന് പരിധിയിൽ നിന്നുകൊണ്ട് ‘വാൽസല്യം’ എന്ന പേരിൽ ബോധവൽക്കരണ പരിപാടി തുടങ്ങി. കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം സബ് കലക്ടർ വി. ആർ. കൃഷ്ണ തേജ നിർവഹിച്ചു. വയോജനങ്ങൾക്കായുള്ള നിയമങ്ങളുടെ പ്രചാരണം, മുതിർന്ന പൗരന്മാർക്കുള്ള അദാലത്ത,് ആരോഗ്യ ക്യാമ്പുകൾ, മുതിർന്ന പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് പോലീസുകാർക്കുള്ള പരിശീലനം, മുതിർന്ന പൗരന്മാർക്കുള്ള ചികിത്സാ സൗകര്യമൊരുക്കൽ, വൃദ്ധസദനങ്ങൾ തുടങ്ങൽ, ആശുപത്രികളുടെ പരിശോധന, വാട്ടർബെഡുകളുടെ വിതരണം, സർവേ തുടങ്ങി വയോജനങ്ങളുടെ നാനാവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് വാത്സല്യം പദ്ധതി പ്രവർത്തിക്കുക. ട്രൈബ്യൂണൽ കൺസീലിയേഷൻ ഓഫീസർമാരായ ജി. രാജേന്ദ്രൻ, എം. മുഹമ്മദ് കോയ, കെ. എം. നാരായണൻ ആചാരി, കെ. കെ. ശശിധരൻ, സി.ബി. ഷാജികുമാർ, എം. പ്രകാശൻ, സീനിയർ സൂപ്രണ്ട് പ്രദീപ്കുമാർ , ടെക്‌നിക്കൽ അസിസ്റ്റൻറ് സജിന, സ്മിത എന്നിവർ പങ്കെടുത്തു.