*പ്രളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട് മന്ത്രിക്കു സമര്‍പ്പിച്ചു
പ്രളയത്തിനുശേഷം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കാര്‍ഷികരംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാവുന്ന വിധത്തില്‍ മണ്ണ് ഒരുങ്ങിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൂടുതല്‍ ഉത്പാദനവും  കാര്‍ഷികഭൂമിയുടെ വിസ്തൃതിയില്‍ വര്‍ധനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച് കേരള കാര്‍ഷിക സര്‍വകാലാശാല നടത്തിയ പഠന റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളായി തിരിച്ച് ആറ് വ്യത്യസ്ത വിദഗ്ധ സംഘങ്ങളാണ് പഠനം നടത്തിയത്. പ്രളയശേഷം മണ്ണിനുണ്ടായ മാറ്റങ്ങളും കാര്‍ഷികരംഗം പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാനത്തെ വിവിധ കാര്‍ഷിക ആവാസ വ്യവസ്ഥകളില്‍ നിന്നായി രണ്ടു ലക്ഷത്തോളം മണ്ണു സാമ്പിളുകള്‍ ഇതിനായി ശേഖരിച്ചു. ദ്വിതീയ സൂക്ഷ്മ മൂലകങ്ങളായ കാല്‍സിയം, മഗ്‌നീഷ്യം, ബോറോണ്‍ തുടങ്ങിയവയുടെ അഭാവം  വ്യപകമായിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഇതിനു പരിഹാരവും  നിര്‍ദേശിച്ചിട്ടുണ്ട്.
മണ്ണിനെ രാസമാലിന്യങ്ങള്‍ മലിനപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കുട്ടനാട് പോലുള്ള നദീതട പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍മണ്ണിന്റെ വന്‍ നിക്ഷേപം ജൈവകൃഷിയിലേക്കുള്ള സംസ്ഥാനത്തിന്റെ ശക്തമായ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 14,000 കര്‍ഷകര്‍ക്കായി  19,000 കോടി രൂപയുടെ വിളനാശമാണുണ്ടായത്.  കര്‍ഷകര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനും പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടും ഒക്ടോബര്‍ എട്ടിന് കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര കൃഷിമന്ത്രിയെയും വാണിജ്യമന്ത്രിയെയും കാണും. സുഗന്ധവ്യഞ്ജനങ്ങളുടെയും വാണിജ്യവിളകളുടെയും കാര്യത്തിലാണ്  ഏറ്റവുമധികം നഷ്ടമുണ്ടായത്. ഇക്കാര്യം വാണിജ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
പ്രളയാനന്തര കേരളത്തിലെ കാര്‍ഷികരംഗത്തെ ശക്തിപ്പെടുത്താന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കും. ദേശീയ ഹോര്‍ട്ടി മിഷനില്‍ നിന്ന് അടിയന്തര സഹായമായി അനുവദിച്ച നൂറുകോടി രൂപയോടൊപ്പം മറ്റൊരു നൂറുകോടി രൂപ കൂടി ഉപയോഗിച്ച് കാര്‍ഷികമേഖലയെ ഉയിര്‍ത്തെഴുന്നേല്പിനുള്ള പദ്ധതി നടപ്പിലാക്കും. എല്ലാ മേഖലയിലും ഗുണപരമായ മാറ്റങ്ങളുണ്ടാകും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിവരികയാണ്. ഇതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഒക്ടോബര്‍ ആറാണെന്നും അറുപതു ശതമാനം പേര്‍ക്കും നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.
വിത്തും വളവും  സൗജന്യമായി നല്‍കുക, മോട്ടോര്‍ നന്നാക്കാന്‍ ധനസഹായം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. വയനാട്ടിലും കുട്ടനാട്ടിലും തൃശൂരിലും സൗജന്യ വിത്തുവിതരണം ആരംഭിച്ചു കഴിഞ്ഞു. ആലപ്പുഴ മേഖലയില്‍ മാത്രം 5000 ഹെക്ടറോളം അധികം കൃഷി ചെയ്യാനാവും.
പ്രളയം മണ്ണിലുണ്ടാക്കിയ മാറ്റങ്ങള്‍ കാര്‍ഷിക രംഗത്തിനു ഗുണകരമാക്കാന്‍ ഫലപ്രദമായ ഇടപെടലുകള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകും. ഇതിനായി കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വ്യാപകമാക്കും. കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പ്, വിവിധ കാര്‍ഷിക വികസന സ്ഥാപനങ്ങള്‍ എന്നിവ ഇക്കാര്യത്തില്‍ സഹകരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട നടപടികളെക്കുറിച്ചും ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുകയും വ്യക്തവും കൃത്യവുമായ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യും.
കേരളത്തിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കര്‍ഷകരും ഇന്‍ഷുറന്‍സ് എടുത്തിട്ടില്ല. കൃഷിവകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തു നടപ്പിലാക്കുന്ന 26 വിളകള്‍ക്കും എല്ലാ പഞ്ചായത്തുകളിലും നൂറുശതമാനം ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിന്‍ഹ, കൃഷിവകുപ്പ് ഡയറക്ടര്‍ ജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.