കാസര്‍ഗോഡ് ജില്ലയില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന 4,643 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 1,000 രൂപ വീതം അനുവദിക്കാന്‍ സാമൂഹ്യസുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.

1951-ലെ ഹിന്ദു റിലീജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് നിയമത്തിലെ സെക്ഷന്‍ 7-എയിലെ സബ് സെക്ഷന്‍ 2 ഭേദഗതി ചെയ്യുന്നതിനുളള കരട് മന്ത്രിസഭ അംഗീകരിച്ചു. ഈ ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിലവില്‍ ബോര്‍ഡംഗമായ വ്യക്തിയെ തുടര്‍ച്ചയായി വീണ്ടും ബോര്‍ഡിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിന് നിലവിലുളള നിയമ വ്യവസ്ഥ അനുവദിക്കുന്നില്ല. യോഗ്യരായ വ്യക്തികളെ ബോര്‍ഡില്‍ വീണ്ടും അംഗമാക്കുന്നതിന് ഉദ്ദേശിച്ചാണ് ഭേദഗതി.

കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍റെയില്‍പാതയ്ക്കാവശ്യമായ ഭൂമി സൗജന്യമായോ നിബന്ധനകള്‍ക്ക് വിധേയമായോ (50 ശതമാനം സര്‍ക്കാരും 50 ശതമാനം റെയില്‍വെയും ചെലവ് വഹിക്കുക) ഏറ്റെടുത്ത് റെയില്‍വെക്ക് നല്‍കാന്‍ തീരുമാനിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോലിലും കൊല്ലം ജില്ലയിലെ മയ്യനാട്ടും പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി രണ്ടിടത്തും 11 വീതം തസ്തികകള്‍ സൃഷ്ടിക്കുന്നതാണ്. 4 ട്രേഡുകളുള്ള 2 യൂണിറ്റുകള്‍ വീതമാണ് തുടക്കത്തില്‍ അനുവദിക്കുന്നത്.

മത്സ്യബന്ധനോപാധികള്‍ വാങ്ങുന്നതിന് ബാങ്കുകളില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പയെടുത്ത് ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്‍ അംഗീകരിച്ചു. ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. വായ്പ നല്‍കുന്ന ഏജന്‍സികളുടെയും സ്വകാര്യ പണമിടപാടുകാരുടെയും ചൂഷണത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികല്‍ക്ക് ആശ്വാസവും സംരംക്ഷണവും നല്‍കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.  പ്രകൃതി ദുരന്തത്തില്‍ മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭേദഗതി പ്രകാരം കടാശ്വാസത്തിന്‍റെ ആനുകൂല്യം ലഭിക്കും. നിലവില്‍ 2007 ഡിസംബര്‍ 31 വരെയുളള കടങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അത് 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കും.