പാലക്കാട്: പ്രളയാനന്തരം ജനങ്ങള്‍ എന്ത് ചിന്തിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ സര്‍വേയുടെ അട്ടപ്പാടി മേഖലാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍ നിര്‍വഹിച്ചു. അഗളി പ്രദേശവാസിയായ ചെറുകാട്ടില്‍ രമാദേവിയോട് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ ആരംഭിച്ചത്. പ്രളയദുരന്തം ആദ്യം അറിഞ്ഞതെങ്ങനെ, പ്രളയാനന്തരം പടര്‍ന്നു പിടിക്കാവുന്ന രോഗങ്ങള്‍, പ്രതിരോധമാര്‍ഗങ്ങളെ സംബന്ധിച്ച അവബോധം, ദുരന്തപ്രതിരോധമാര്‍ഗങ്ങളെപ്പറ്റിയ അറിവ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളിയായി, പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെ തുടങ്ങിയ 15 ചോദ്യങ്ങളാണ് സര്‍വേയിലുള്ളത്. അഗളി ജി.വി.എച്ച്.എസ്.എസില്‍ പത്താം തരത്തിലും ഹയര്‍ സെക്കന്‍ഡറിയിലും പഠനം നടത്തുന്ന 120 പേരാണ് സര്‍വേ നടത്തിയത്. പഠിതാക്കളുടെ വീടിന് പരിസരത്തുള്ള അഞ്ച് വീടുകള്‍ വീതം 600 വീടുകളിലാണ് സര്‍വേ നടത്തിയത്. പ്രളയദുരന്തത്തെ ജനങ്ങള്‍ എങ്ങനെ കാണുന്നു, ദുരന്ത പ്രതിരോധത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം, നവകേരള നിര്‍മിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയാണ് പഠന വിധേയമാക്കുന്നത്. ഉദ്ഘാടനചടങ്ങില്‍ ബ്ലോക്ക് അംഗങ്ങളായ എസ്.കാളിയമ്മ, എം.കാളിയമ്മ, എസ്.ആര്‍ വേലുസ്വാമി, സാക്ഷരതാ മിഷന്‍ അസി. കോഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, പ്രേരകുമാരായ എം.നീതു, പി.സി.സിനി, എന്‍ ബിന്ദു, തുല്യതാ അധ്യാപിക എസ്.ഹസ്‌നത്ത്, പഠിതാക്കള്‍ എന്നിവരും പങ്കെടുത്തു.