യാഥാർത്ഥ്യമാകുന്നത് കേരളത്തിലെ ഏറ്റവും മികച്ച തീർത്ഥാടന സർക്യൂട്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ടിന് സ്വദേശി ദർശൻ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 118 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചതെങ്കിലും 70 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കിയാണ് ഈ തീർത്ഥാടന സർക്യൂട്ട് ആവിഷ്‌കരിച്ചത്. ഗുരു ജനിച്ച ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, കായിക്കര കുമാരനാശാൻ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായി വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. അരുവിപ്പുറത്ത് നിന്ന് ശിവഗിരി വരെ നീളുന്ന തീർത്ഥാടന സർക്യൂട്ടിൽ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ അതാതിടങ്ങളിൽ രേഖപ്പെടുത്തും. ശിവഗിരിയിൽ ലൈറ്റ് ആൻറ് സൗണ്ട് ഷോ സംവിധാനം, ഓപ്പൺ എയർ തീയേറ്റർ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, രണ്ടായിരം പേർക്ക് ഇരിക്കാവുന്ന ഭക്ഷണശാല, ആരോഗ്യ ശുശ്രൂഷാകേന്ദ്രം, ഔഷധ സസ്യ തോട്ടം, ജലസംഭരണി, മഴവെള്ള സംഭരണി, പാർക്കിഗ് സൗകര്യം, സൗരോർജ പ്ലാന്റ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായി ഒരുക്കും. ശിവഗിരി മഠത്തിലെ വൈദ്യുതി ലൈനുകൾ ഭൂമിക്കടിയിൽ മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ട്. അരുവിപ്പുറത്ത് സ്ഥാപിക്കുന്ന മ്യൂസിയം കോംപ്ലക്‌സിൽ ആർട്ട് ഗ്യാലറിയും മൾട്ടിമീഡിയ സംവിധാനവും, ഗവേഷണ കേന്ദ്രവും, ലൈബ്രറിയും ഉണ്ടാകും. അരുവിപ്പുറത്തെ ഗുഹകളുടെ സംരക്ഷണം, ദശ പുഷ്പ പാർക്ക്, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ, കല്ലുകൾ പാകിയ നടപ്പാതകൾ, മലമുകളിൽ യോഗാകേന്ദ്രം എന്നിവയും ഒരുക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ പ്രകാശ സംവിധാനങ്ങൾ, ആധുനിക ഭക്ഷണശാല, ഡിസ്‌പെൻസറി, പാർക്കിംഗ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. കുന്നുംപാറ ക്ഷേത്രത്തിൽ കൺവെൻഷൻ സെന്റർ, പ്രാർത്ഥനാ മന്ദിരം, യോഗാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, നടപ്പാതകൾ, മഴവെള്ള സംഭരണി, സോളാർ പ്ലാന്റ്, പ്രവേശന കവാടം എന്നിവ നിർമ്മിക്കും. തത്വത്തിൽ അനുമതി ലഭിച്ച ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ടിന്റെ വിശദമായ പദ്ധതി രേഖ ഒരാഴ്ചയ്ക്കകം കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം എന്നിവിടങ്ങളിൽ സംസ്ഥാന ടൂറിസം വകുപ്പ് നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തിൽ സംസ്ഥാന സർക്കാർ 10 കോടി രൂപ ചെലവിൽ അത്യാധുനിക കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. രണ്ട് നിലകളിലായി 23622 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് കൂടി യാഥാർത്ഥ്യമാകുന്നതോടെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനുമാണ് വഴി തുറക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.