ന്യൂഡൽഹി : ആറു ലക്ഷം രുചിക്കൂട്ടുകളൊരുക്കി അടുക്കളയിൽ അത്ഭുതം തീർക്കാൻ ഒരു മൊബൈൽ ആപ്പ്. അടുക്കളയിൽ എന്തൊക്കെയുണ്ടെന്നു ഫോട്ടോയായോ ലിസ്റ്റായോ ആപ്പിൽ നൽകിയാൽ അതുപയോഗിച്ചുണ്ടാക്കാൻ കഴിയുന്ന വിഭവങ്ങളുടെ നീണ്ട നിര ആപ്പ് നൽകും. ഒപ്പം അവയുടെ പാചക രീതിയും. ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള പവിലിയനിലാണു രുചിക്കൂട്ടുകളുടെ കലവറയൊരുക്കുന്ന ‘റെസിപ്പി ബുക്ക്’ എന്ന ആപ്ലിക്കേഷനുമായി മലയാളി സ്റ്റാർട്ട്അപ്പ് എത്തിയിരിക്കുന്നത്.

അടുക്കള ഷെൽഫിലും ഫ്രിഡ്ജിലുമൊക്കെ സൂക്ഷിച്ചിട്ടുള്ള പച്ചക്കറികളുടേയും മറ്റു ഭക്ഷ്യസാധനങ്ങളുടേയും പൊടികളുടേയുമൊക്കെ ചിത്രം ആപ്പ് ഉപയോഗിച്ച് എടുക്കാം. തുടർന്ന് ഫോൺ കുലുക്കുക. ചിത്രങ്ങളിലുള്ള ആഹാര സാധനങ്ങളുപയോഗിച്ചു പാകം ചെയ്യാൻ കഴിയുന്ന വിഭവങ്ങളുടെ പട്ടിക ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഇന്റലിജന്റ് കുക്കിങ് ആണ് ആപ്ലിക്കേഷനിൽ ഉപയോഗിച്ചിരിക്കുന്നത്. കറിക്കൂട്ടുകൾ ഉപയോഗിച്ച് എന്തൊക്കെ നിർമിക്കാമെന്ന കാര്യം ഫുഡ് വിഷൻ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് ഉപയോഗിച്ചാണു തയ്യാർ ചെയ്തിരിക്കുന്നത്. വ്യക്തികളുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് വിഭവങ്ങളുണ്ടാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കഴിയുമെന്ന് ആപ്പിന്റെ അണിയറക്കാർ പറയുന്നു.

ആൻഡ്രോയ്ഡ്, ഐഫോൺ പ്ലാറ്റ്ഫോമുകളിൽ ലോകം മുഴുവൻ ഈ ആപ്ലിക്കേഷൻ ലഭിക്കും. കൊച്ചി കളമശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിലുള്ള അഗ്രിമ ഇൻഫോടെക് എന്ന സ്റ്റാർട്ടപ്പാണു ‘റെസിപ്പിബുക്ക്’ എന്ന ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്മാർട്ട്ഫോണുണ്ടെങ്കിൽ നിഷ്പ്രയാസം വിഭവങ്ങളൊരുക്കാൻ കഴിയുന്ന ആപ്പ് വ്യാപാരമേളയ്ക്കെത്തുന്നവരുടെ ശ്രദ്ധനേടുകയാണ്.