കോട്ടയം: പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക്  ബോട്ടില്‍ കയറുന്നതിന് സ്വന്തം ശരീരം ചവിട്ടു പടിയാക്കിയ ജെയ്‌സലും ഹെലികോപ്ടറില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും നിറങ്ങളില്‍ ചാലിച്ച് പെന്റിംഗ് മത്സരത്തിലെ കുരുന്നുകള്‍. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഞാന്‍ കണ്ട പ്രളയം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജവഹര്‍ ബാലഭവനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പെയന്റിംഗ്  മത്സരത്തിലാണ് കുഞ്ഞു മനസ്സിലെ പ്രളയ നൊമ്പരങ്ങള്‍ ആവിഷ്‌ക്കാരമായത്. പ്രളയനാശത്തേക്കാള്‍ കുഞ്ഞ് മനസ്സില്‍ തങ്ങിനില്‍ക്കുന്നത്  രക്ഷാപ്രവര്‍ത്തനത്തിലെ സാഹസികതയും സഹാനുഭൂതിയുമാണ്. അതു കൊണ്ട് തന്നെ ബോട്ടില്‍ കയറുന്നതിന് സ്വന്തം ശരീരം ചവിട്ടി പടിയാക്കിയ ജയ്‌സല്‍, രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ യുവതി, ഒക്കത്ത് കുഞ്ഞിനെയും തലയില്‍ വലിയ കെട്ടുമായി അമ്മ, കുട്ടയില്‍ കിടത്തിയ കൈ കുഞ്ഞിനെ തലയില്‍ ചുമക്കുന്ന അച്ഛനും മുങ്ങി താഴുന്ന വളയിട്ട കൈകളില്‍ പിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്ന വൃദ്ധനും കുഞ്ഞു മനസ്സില്‍  നൊമ്പര ചിത്രങ്ങളായി ചെമ്പില്‍ കയറ്റി രക്ഷപ്പെടുത്തുന്നതും, രക്ഷക്കായി ഉറക്കെക്കരയുന്ന പശുക്കളും വെളളത്തില്‍ മറിഞ്ഞു വീണ വൈദ്യതി ലൈനുകളും മരങ്ങളും പുസ്തക സഞ്ചിയും പാത്രങ്ങളും വീട്ടുപകരണങ്ങളുമൊക്കെ ഒഴുകി നടക്കുന്നതും ബാല മനസ്സില്‍ പതിഞ്ഞ കാഴ്ചകളാണെന്നു വെളിപ്പെടുത്തുന്നതായിരുന്നു ചിത്രങ്ങളിലധികവും. നഴ്‌സറി വിഭാഗത്തില്‍ കെ.എസ് ഇന്ദുജ, ഗായത്രി ജി. നായര്‍, എല്‍ പി വിഭാഗത്തില്‍ ആര്യ നന്ദ കെ.എം, വൈഷണവി യു.പി വിഭാഗത്തില്‍ ആദിത്യ ബിജു ,ഋത്വിക് .ബി.റാം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഐശ്വര്യ എം.മോഹല്‍ദാസ്, ദേവിക മധു എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ജവഹര്‍ ബാലഭവന്‍ ഹാളില്‍ നടന്ന മത്സരം ബാലഭവന്‍ ചെയര്‍മാന്‍ ടി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ്, അസി.എഡിറ്റര്‍ ശ്രീകല കെ.ബി ,ചിത്രകല അധ്യാപകന്‍ ഗോപാലകൃഷണന്‍ എന്നിവര്‍ സംസാരിച്ചു.