പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട ആര്‍.ഇ.സി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും പുതുതായി നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍വഹിച്ചു. പൊതുവിദ്യാലയങ്ങള്‍ മതസൗഹാര്‍ദങ്ങളുടെ കേന്ദങ്ങളാണെന്നും ഒരു നാടിന്റെ പരിച്ഛേദത്തെ കണ്ടുമുട്ടാനും പരിചയപ്പെടാനും കുട്ടികള്‍ക്ക് അവസരമുണ്ടാക്കുന്ന കേന്ദ്രങ്ങള്‍ എന്ന നിലയിലാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിയപ്പെടേണ്ടതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ നിലവാരമുയര്‍ത്തുന്ന രാഗാസ് പദ്ധതിയിലൂടെ സ്‌കൂളില്‍ 1.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 6.25 കോടി രൂപയുടെ പുതിയ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടത്താന്‍ പോകുന്നത്. കുന്ദമംഗലം മണ്ഡലത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന ആദ്യത്തെ സ്‌കൂളാണ് ആര്‍ഇസി  ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഗാലറി സൗകര്യത്തോടു കൂടിയ ഫുട്‌ബോള്‍ കോര്‍ട്ട്, പ്രത്യേക ടോയ്ലറ്റ് ബ്ലോക്കുകള്‍,ഡൈനിങ് ഹാള്‍, മികവുറ്റ ലൈബ്രറി ഇങ്ങനെ നീളുന്നു സ്‌കൂളില്‍ നടപ്പാക്കുന്ന വികസനങ്ങള്‍.
രാഗാസ് പദ്ധതിയുടെ ഭാഗമായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡ് വഴി 2017 ല്‍ അനുവദിച്ച 1.5 കോടി രൂപയും കേരള സര്‍ക്കാരിന്റെ പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച 6.25 കോടി രൂപയും ഉള്‍പ്പെടെ 8.75 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടപ്പാക്കുന്നത്. ഇതില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹയര്‍സെക്കന്‍ഡറി വിഭാഗം കെട്ടിടത്തിന്റെയും നബാര്‍ഡ് വഴി  അനുവദിച്ച 1.5 കോടി രൂപയുടേയും പ്രവൃത്തി പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൈറ്റ് നോര്‍ത്ത് സോണ്‍ പ്രൊജക്ട് മാനേജര്‍ കെ.എച്ച്. ഷാനു മികവിന്റെ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തികള്‍ വിശദീകരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക് സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ഗോകുല്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് കുമാര്‍, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന, ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ലീന തോമസ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ പി.ആര്‍. വിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.