അന്തരിച്ച, മലയാളത്തിലെ മുതിര്‍ന്ന കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എം എന്‍ പാലൂരിന് (പാലൂര്‍ മാധവന്‍ നമ്പൂതിരി – 86)  സാസ്‌കാരിക കേരളം വിട നല്‍കി. കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയില്‍ പെട്ട നിരവധിയാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ജില്ലാ കലക്ടര്‍ യു വി ജോസും ജില്ലാ ഭരണകൂടത്തിനു വേണ്ടി എഡിഎം രോഷ്‌നി നാരായണനും മൃതദേഹത്തില്‍ പുഷ്പ ചക്രമര്‍പ്പിച്ചു. കോവൂര്‍ പെരളം കാവിലെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അന്ത്യം. 86 വയസായിരുന്നു. കേന്ദ്ര, കേരള സാഹിത്യ പുരസ്‌കാരങ്ങളും ആശാന്‍ സാഹിത്യ പുരസ്‌കാരവും നേടിയിട്ടുണ്ട്.  ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മ കഥയ്ക്കാണ് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.  എറണാകുളം പറവൂരില്‍ ജനിച്ച എം.എന്‍.പാലൂര്‍ ഏറെക്കാലമായി കോഴിക്കോട് കോവൂരിലായിരുന്നു താമസം.
 എം.എന്‍.പാലൂരിന്റെ വേര്‍പാടില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അനുശോചിച്ചു. കേന്ദ്രസാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ആശാന്‍ സാഹിത്യ പുരസ്‌കാരം  തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. മലയാള കവിതാ ശാഖയ്ക്ക് വലിയ സംഭാവന അര്‍പ്പിച്ച എം.എന്‍ പാലൂരിന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെന്നും മന്ത്രി അനുശോചിച്ചു