ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കുന്നു

കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ എസ്.പി.മാർക്ക് ചുമതല നൽകി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് സി.ഐ.ഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്നാണ് അറിയപ്പെടുക. സാമ്പത്തിക കുറ്റങ്ങൾ, ആസൂത്രിത കുറ്റകൃത്യങ്ങൾ, പരിക്കേൽപ്പിക്കലും കൊലപാതകങ്ങളും ക്ഷേത്രക്കവർച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐജിമാർക്കും ഡിജിപിമാർക്കും എസ്പിമാർക്കും ചുമതല നൽകിയിട്ടുളളത്. ഇതോടൊപ്പം സൈബർ ക്രൈം, ആന്റ് പൈറസി തുടങ്ങിയ വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ഈ ഘടന കേസ് അന്വേഷണത്തിന് വലിയ പ്രയാസമുണ്ടാക്കുന്നു. ഒരു ജില്ലാ കേന്ദ്രത്തിലുളള എസ്.പി. പല ജില്ലകളിലെ കേസുകളിലെയും ചുമതല വഹിക്കേണ്ടിവരുന്നു. സാമ്പത്തിക കുറ്റാന്വേഷണത്തിന് കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.പി ഇപ്പോൾ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളുടെ ചുമതലകൂടി വഹിക്കുന്നു. ഈ രീതി ഇരകൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അത് കണക്കിലെടുത്താണ് റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ എസ്പിമാർക്ക് ചുമതല നൽകാൻ തീരുമാനിച്ചത്. കൊല്ലം എസ്പിക്ക് പത്തനംതിട്ട ജില്ലയുടെ കൂടി ചുമതലയുണ്ടാകും. കോഴിക്കോട് എസ്പിക്ക് വയനാടിന്റെയും കണ്ണൂർ എസ്പിക്ക് കാസർഗോഡിന്റെയും ചുതമല നൽകും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കുറ്റകൃത്യം ഏത് തരത്തിലുളളതായാലും ഇനി മുതൽ അതത് ജില്ലകളിലെ എസ്പിമാർക്കായിരിക്കും ചുമതല.

2018-ലെ കേന്ദ്ര ചരക്കു സേവന നികുതി (ഭേദഗതി) നിയമത്തിനനുസൃതമായി തയ്യാറാക്കിയ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ബിൽ ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.

വയനാട് കുങ്കിച്ചിറ ഹെറിറ്റേജ് മ്യൂസിയത്തിൽ ക്യുറേറ്റരുടെയും ഗൈഡ് ലക്ച്ചറുടെയും ഓരോ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നു

കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തിൽ നിന്നും ദ്വിതലത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. റിസർവ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകൾക്ക് വിധേയമായാണ് ഈ മാറ്റം വരുത്തുക. കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് വില്ലേജിൽ എക്‌സൈസ് ടവർ സ്ഥാപിക്കുന്നതിന് 14.52 ആർ സർക്കാർ പുറമ്പോക്കു ഭൂമി ഉപയോഗിക്കുന്നതിന് എക്‌സൈസ് വകുപ്പിന് അനുമതി നൽകാൻ തീരുമാനിച്ചു.

വിക്രംസാരഭായി സ്‌പെയ്‌സ് സെന്ററിന് സ്‌പെയ്‌സ് സിസ്റ്റം കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് നോളജ് സിറ്റിയിലെ 3.94 ഏക്കർ ഭൂമി ഏക്കറിന് ഒരു രൂപ നിരക്കിൽ 90 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ ടെക്‌നോപാർക്കിന് അനുമതി നൽകാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ റോഡ് ശൃംഗലകളിലൂടെ ഓപ്ടിക്കൽ ഫൈബർ കേബിൾ ഇടുന്നതിന് ടെലികോം സേവനദാതാക്കൾക്കും അടിസ്ഥാന സൗകര്യം ഒരുക്കുന്ന കമ്പനികൾക്കും ഉപയോഗാനുമതി (റൈറ്റ് ഓഫ് വേ) നൽകുന്നതിന് കേരള സ്റ്റേറ്റ് ഐടി മിഷൻ ഒറ്റത്തവണയായി ഈടാക്കുന്ന തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്താൻ തീരുമാനിച്ചു. ഇപ്പോൾ കിലോമീറ്ററിന് 75,000 രൂപ നിരക്കിലാണ് ഐടി മിഷൻ ഒറ്റത്തവണയായി തുക ഈടാക്കുന്നത്. നിലവിൽ റോഡിന്റെ ചുമതലയുളള വകുപ്പിനാണ് തുക കൈമാറുന്നത്.

തോട്ടം മേഖലയിൽ കാർഷികാദായ നികുതി ഒഴിവാക്കി

തോട്ടം ഉടമകളിൽ നിന്ന് കാർഷികാദായ നികുതി ഈടാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കാർഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് വർഷത്തേക്ക് മരവിപ്പിക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷന്റെ ശുപാർശപ്രകാരമായിരുന്നു ഈ തീരുമാനം. എന്നാൽ തോട്ടം മേഖലയിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നികുതി പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചത്.

കേന്ദ്ര പദ്ധതികളായ സർവ്വശിക്ഷാ അഭിയാനും (എസ്.എസ്.എ), രാഷ്ട്രീയ മാധ്യമിക് സർവ്വശിക്ഷാ അഭിയാനും (ആർ.എം.എസ്.എ) സംയോജിപ്പിക്കുന്നതിന് തയ്യാറാക്കിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ചട്ടങ്ങളും മന്ത്രിസഭ അംഗീകരിച്ചു. സംയോജനത്തിന്റെ ഭാഗമായി സ്‌കൂൾ എജുക്കേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി കേരള എന്ന പുതിയ സൊസൈറ്റി രൂപീകരിക്കുന്നതാണ്.

ആലപ്പുഴ സായി ജലകായിക കേന്ദ്രത്തിലെ കായിക താരമായിരുന്ന അപർണ രാമഭദ്രന്റെ മാതാവ് ഗീത രാഘവന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ മാവേലിക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓഫീസ് അറ്റന്റൻഡായി നിയമനം നൽകാൻ തീരുമാനിച്ചു. നാഷണൽ ഗെയിംസ് ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ മെഡൽ നേടിയിട്ടുളള അപർണയുടെ അസ്വാഭാവിക മരണത്തെ തുടർന്ന് നിരാലംബമായ കുടുംബത്തിന്റെ സാഹചര്യം കണക്കിലെടുത്താണ് മാതാവിന് ജോലി നൽകാൻ തീരുമാനിച്ചത്.

മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ പുതുക്കിയ അലൈൻമെന്റ് അംഗീകരിച്ചു. പുതുക്കിയ അലൈൻമെന്റ്: പാലുവായ് (ജില്ലാ അതിർത്തി) – വിലങ്ങാട് – കുന്നുകുളം – കായക്കൊടി – തൊട്ടിൽപ്പാലം – മുള്ളൻകുന്നി – ചെമ്പനോട – പെരുവണ്ണാമൂഴി – ചക്കിട്ടപാറ – ചെംമ്പ്ര – കൂരാച്ചുണ്ട് – കല്ലാനോട് – തലയാട് – മലപ്പുറം – തൈയ്യംപാറ – തേവർമല – കോഴഞ്ചേരി – മീൻമുട്ടി – നെല്ലിപ്പൊയിൽ – പുല്ലൂരാംപാറ – പുന്നക്കൽ – കൂടരഞ്ഞി – കൂമ്പാറ – ആനക്കല്ലുംപാറ – താഴേ കക്കാട് – കക്കാടംപൊയിൽ (ജില്ലാ അതിർത്തി).

തസ്തികകൾ

മലപ്പുറം ജില്ലയിലെ എടക്കര ആയുർവേദ ഡിസ്‌പെൻസറി 30 കിടക്കയുളള ആശുപത്രിയായി ഉയർത്താൻ തീരുമാനിച്ചു. ഇതിനുവേണ്ടി 12 തസ്തികകൾ സൃഷ്ടിക്കും.

അട്ടപ്പാടിയിലെ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ 22 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കണ്ണൂർ ജില്ലയിലെ മുണ്ടല്ലൂർ ആയുർവേദ ഡിസ്‌പെൻസറിയിൽ ഒരു ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

കയർഫെഡിലെ മാനേജീരിയൽ വിഭാഗം ജീവനക്കാരുടെ ശമ്പളവും മറ്റ് അലവൻസുകൾ പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

നിയമനം, മാറ്റം

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ മേത്തക്ക് ഹൗസിംഗ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകാൻ തീരുമാനിച്ചു.

കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി വഹിക്കും.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി വഹിക്കും.

പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.