കുന്നംകുളം നഗരത്തിന്‍െ്‌റ സമഗ്ര ശുചീകരണം ലക്ഷ്യമിട്ട് സീറോ വേസ്റ്റ് പദ്ധതി ഒരുങ്ങുന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കച്ചവടസ്ഥാപനങ്ങളും ചന്തകളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനുള്ള പദ്ധതിയ്്ക്ക രൂപം നല്‍കിയത് .മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകയായ കുറുക്കംപ്പാറ പദ്ധതിക്കുപിന്നാലെയാണ് നഗരമാലിന്യ സംസ്‌ക്കരണത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കംക്കുറിക്കുന്ന സീറോ വേസ്റ്റ് പദ്ധതിക്ക് കുന്നംകുളം നഗരസഭ രൂപം നല്‍കിയത്. പദ്ധതിയുടെ ഭാഗമായി നഗരത്തിന്‍െ്‌റ പലഭാഗങ്ങളിലുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തുകഴിഞ്ഞു. ഇതോടൊപ്പം  മത്സ്യ- പച്ചക്കറി ചന്തകളും  ഇവയോടുചേര്‍ന്നുള്ള കാനകളും റോഡുകളും വൃത്തിയാക്കി.  ഔഴിഞ്ഞയിടങ്ങളില്‍ മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്താന്‍ രാപകല്‍ഭേദമന്യേ സ്‌ക്വാഡുകളെയും നിയോഗിച്ചുകഴിഞ്ഞു.  അഞ്ച് പേര്‍ അടങ്ങുന്ന നാല് സ്‌ക്വാഡുകളാണ് കുന്നംകുളം നഗരത്തിലും നഗരപ്രാന്തങ്ങളിലും റോന്തുചുറ്റുക.
പതിവായി മാലിന്യം കൊണ്ടിടുന്ന ആര്‍ത്താറ്റ്, ഭാവന റോഡ്് ,തുറക്കുളം മാര്‍ക്കറ്റ് റോഡ്, യേശുദാസ് റോഡ് എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി. നഗരത്തിന്റെ പരിസര പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവരില്‍നിന്ന്  500 രൂപ മുതല്‍ 25000 രൂപ വരെ നഗരസഭ പിഴ ഈടാക്കും.  മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനോടൊപ്പം അവരെകൊണ്ട്  മാലിന്യം തിരിച്ചെടുപ്പിക്കും.

ഉറവിട മാലിന്യസംസ്‌ക്കരണത്തിന് ആവശ്യമായ സംവിധാനം ഒരുക്കാത്ത  സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്തു തുടങ്ങി. സെപ്റ്റംബര്‍ 14മുതല്‍ ഒക്ടോബര്‍ 4വരെ 146 കേസുകള്‍  രജിസ്റ്റര്‍ ചെയ്തു. 80,000 രൂപ പിഴയീടാക്കി. ഒരുലക്ഷം രൂപ പിഴ ചുമത്തി.  മാലിന്യത്തിന്‍െ്‌റ ഉറവിട സംസ്‌ക്കരണത്തിനായി കുറഞ്ഞ വിലയില്‍ ബയോ ബിന്നുകള്‍ നല്‍കാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്. 2500 രൂപ വില വരുന്ന ബയോ ബിന്നുകള്‍ക്ക 500 രൂപയാണ് ഈടാക്കുന്നത്. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളില്‍നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേനയെയും നിയോഗിച്ചു.  അഴുകുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌ക്കരിക്കുകയും അഴുകാത്ത മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാനുള്ള സൗകര്യവും എര്‍പ്പെടുത്തി.  ഇതുവഴി സമ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌ക്കരണം നടപ്പിലാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.

പദ്ധതി രൂപീകരിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും മാലിന്യവിമുക്തമായി കഴിഞ്ഞു. നഗരസഭ സെക്രട്ടറി കെ. കെ മനോജിന്റെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം ജീവനക്കാരാണ് കുന്നംകുളത്തെ ക്ലീന്‍ സിറ്റിയാക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്നത്. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വം എന്ന മുദ്രാവാക്യത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തില്‍ സീറോ വേയ്‌സ്റ്റ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.
.