ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാക്കാവുന സ്ഥാപനങ്ങള്‍ കേരളത്തില്‍  കുറവാണെന്നും അത്തരത്തിലുള്ള സ്ഥാപനമാക്കി കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ‘ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിനെ മാറ്റുമെന്നും ഉന്നത വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കെ.ആര്‍. എന്‍. എന്‍.ഐ.വി.എസ്.എയില്‍ പി.പത്മരാജന്‍ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഇന്‍സ്റ്റിറ്റ്യൂട്ടിനാവശ്യമായ പ്രിവ്യു തിയറ്ററും മിക്‌സിംഗ് യൂണിറ്റും ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. ഇതിനായി എട്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.കോഴ്‌സുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച്  കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷന്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ കഴിവും പ്രാപ്തിയും നല്‍കി മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയും. 11 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇതിനുവേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി നോട് കിടപിടിക്കത്തക്ക രീതിയില്‍ കെ.ആര്‍. എന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ മാറ്റി എടുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിച്ചു. പത്മരാജന്റെ പത്‌നി രാധാലക്ഷ്മി മുഖ്യാതിഥിയായിരുന്നു.  സിനിമയിലെ ഗ്ലാമര്‍ കണ്ട് ആകര്‍ഷണമായി കരുതി ഈ രംഗത്തേക്ക് ആരും കടന്നു വരരുതെന്നും അഭിരുചിയുള്ളവര്‍ മാത്രം ഈ രംഗത്ത് കടന്നു വരണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കരാര്‍ ജീവനക്കാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ചടങ്ങില്‍ മന്ത്രിക്ക് കൈമാറി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി, അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി തോമസ്, ഗ്രാമപഞ്ചായത്തംഗം കൃഷ്ണകുമാരി രാജശേഖരന്‍, കെ. ആര്‍. എന്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ ടി.ആര്‍ രഘുനാഥ്, വി.എം പ്രദീപ്, കെ.ആര്‍. എന്‍ രജിസ്ട്രാര്‍ മോഹന്‍ എബ്രാഹം, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഹരോള്‍ഡ് ആന്റണി പോള്‍സണ്‍, സംവിധായകന്‍ ജോഷി മാത്യു, നിര്‍മ്മാതാവ് പ്രേം പ്രകാശ്. ജില്ലാ ഇന്‍ഫര്‍മോഷന്‍ ഓഫീസര്‍ സിനി കെ. തോമസ് എന്നിവര്‍ പങ്കെടുത്തു. കെ.ആര്‍.എന്‍ ചെയര്‍മാന്‍ എസ്. ഹരികുമാര്‍ സ്വാഗതവും ഡയറക്ടര്‍ കെ. അമ്പാടി നന്ദിയും പറഞ്ഞു.