പ്രളയ ദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ നവകേരള ലോട്ടറി ഒക്ടോബര്‍ 15 ന് നറുക്കെടുക്കാനിരിക്കെ ഇതേവരെയുള്ള ടിക്കറ്റ് വില്പന 16 ലക്ഷമായി. നറുക്കെടുക്കാന്‍ നാലുദിവസം അവശേഷിക്കെ സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് കൂടുതല്‍ ടിക്കറ്റുകള്‍ വില്പന നടത്തിയത്. മൊത്തം 30 ലക്ഷം ടിക്കറ്റാണ് സംസ്ഥാനത്ത് അച്ചടിച്ചിറക്കിയിട്ടുള്ളത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1, 41, 000 ടിക്കറ്റുകള്‍ വിറ്റഴിച്ച എറണാകുളം ജില്ലയാണ് നവകേരള ഭാഗ്യക്കുറി വില്പനയില്‍ മുന്നിട്ടു നില്‍ക്കുന്നത്. തൊട്ടുപിറകില്‍ പാലക്കാടാണ്. 1,37,000 ടിക്കറ്റുകള്‍ ഇവിടെ വിറ്റു. കോട്ടയം ജില്ലയില്‍ 1,29,000 ടിക്കറ്റുകള്‍ വിറ്റപ്പോള്‍ തിരുവോണം ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച തൃശൂര്‍ ജില്ലയില്‍ 1,17,000 ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ആകെ 1,70,000 ടിക്കറ്റുകളാണ് ജില്ലയ്ക്കു ലഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ മുഴുവന്‍ ടിക്കറ്റുകളും വില്പന നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ ലോട്ടറി ഓഫീസര്‍ അറിയിച്ചു.
ലോട്ടറി ഏജന്‍റുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരിലൂടെയാണ് നവകേരള ലോട്ടറി വില്പന നടത്തിയത്. ആകെ 90 കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന നറുക്കെടുപ്പിനായി സബ് ഓഫീസുകള്‍ വഴിയും ടിക്കറ്റുകള്‍ വില്പന നടത്തുന്നുണ്ട്. 250 രൂപയാണ് നവകേരള ലോട്ടറി ടിക്കറ്റിന്‍റെ വില. 90 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും 1,00,800 പേര്‍ക്ക് 5,000 രൂപ വീതവുമാണ് സമ്മാനം. സമ്മാനം നല്‍കുന്നതിനായി ആറു കോടി രൂപയാണ് സര്‍ക്കാര്‍ നവകേരള ലോട്ടറി വിറ്റുവരവില്‍ നിന്ന് മാറ്റിവെയ്ക്കുന്നത്.