ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിയന്തര നവീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നവംബര്‍ 15-നു മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 200 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
നവംബര്‍ 17-ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് തീര്‍ത്ഥാടകരുടെ പ്രവാഹത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ പാലങ്ങള്‍, അനുബന്ധ റോഡുകള്‍, കലുങ്കുകള്‍ എന്നിവ സമയബന്ധിതമായി പുനര്‍നിര്‍മ്മിക്കുന്നതിനാണ് ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെ ചുമതലപ്പെടുത്തിയത്. അടിസ്ഥാന സൗകര്യവികസനരംഗത്ത് ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് ടാറ്റാ പ്രൊജക്ട്‌സ്. പ്രവൃത്തികളുടെ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായും മൂന്ന് ഐ.എ.എസ് ഓഫീസര്‍മാരും സംസ്ഥാന പോലീസ് മേധാവിയും അംഗങ്ങളായും ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയുണ്ടായി.
നിലയ്ക്കലില്‍ 6,000 തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളം ഉള്‍പ്പെടെ 10,000 തീര്‍ത്ഥാടകര്‍ക്ക് വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നതടക്കമുളള പ്രവൃത്തികളും ടാറ്റാ പ്രൊജക്ട് ലിമിറ്റഡിനെ ഏല്‍പ്പിച്ചിട്ടുണ്ട്. പ്രവൃത്തികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.
തീര്‍ത്ഥാടകര്‍ കൂടുതല്‍ കേന്ദ്രീകരിക്കുമെന്നതിനാല്‍ നിലയ്ക്കലിലെ കുടിവെള്ളസംഭരണ ശേഷി 60 ലക്ഷം ലിറ്ററായി ഉയര്‍ത്താന്‍ തീരുമാനിച്ചു.
ശബരിമലയില്‍ ജലസേചന വകുപ്പ് 2014-15-ല്‍ 64.35 ലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ 2016-17-ല്‍ 230.68 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വാട്ടര്‍ അതോറിറ്റി കുടിവെള്ളവിതരണത്തിനായി 240.34 ലക്ഷം രൂപയാണ് 2017-18 ല്‍ ചെലവഴിച്ചത്.
പമ്പയിലും നിലയ്ക്കലിലും പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ പൈപ്പിടല്‍ ഉള്‍പ്പെടെ കുടിവെള്ള പദ്ധതികള്‍ക്കായി 6.5 കോടി രൂപയുടെ ഭരണാനുമതിയായി.