പ്രളയക്കെടുതിയില്‍ അകപ്പെട്ട കര്‍ഷകര്‍ക്ക് ആശ്വാസമായി പനങ്ങാവ് പാടശേഖരത്തില്‍ മികച്ച വിളവ്. 23 വര്‍ഷമായി തരിശുനിലമായി കിടന്ന ഈ 10 ഏക്കര്‍ പാടശേഖരത്തില്‍ ചെമ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും  നേതൃത്വത്തില്‍  കുടുംബശ്രീയാണ്  കൃഷിയിറക്കിയത്. പ്രളയക്കെടുതിയില്‍ സര്‍വ്വവും നശിച്ചപ്പോഴും ഈ പ്രദേശത്തെ രണ്ട് കണ്ടങ്ങളൊഴികെയുള്ള 13 കണ്ടങ്ങള്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ട് കണ്ടങ്ങള്‍ പൂര്‍ണ്ണമായി വെള്ളം കയറി നശിച്ചിരുന്നു. ഭാഗികമായി വെള്ളം കയറിയ കണ്ടങ്ങളില്‍ കര്‍ഷകര്‍ മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കുകയായിരുന്നു. ഒരാഴ്ച നീണ്ട കഠിനാധ്വാനം കൊണ്ടാണ് വെള്ളം വറ്റിക്കാനായത്. അഞ്ച് ദിവസത്തിലധികം വെള്ളത്തില്‍ കിടന്ന് നെല്‍ക്കതിരുകള്‍ ഭാഗികമായി നശിച്ചെങ്കിലും ബാക്കിയുള്ളവയില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. കര്‍ഷകരുടെ എല്ലാ ആശങ്കയും അകറ്റി 700 പറ നെല്ലാണ്  പാടശേഖരത്തില്‍ നിന്നും കൊയ്‌ത്തെടുത്തത്. 12-ാം വാര്‍ഡ് മെമ്പര്‍ പ്രേമദാസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ജെ എല്‍ ഗ്രൂപ്പുകളിലെ 27 അംഗങ്ങളും പാടശേഖരസമിതിയംഗങ്ങളമടങ്ങുന്ന  കര്‍ഷക കൂട്ടായ്മ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ്  മികച്ച വിളവെടുപ്പ് സാധ്യമായത്. കൃഷിഭവനില്‍ നിന്നും തരിശുനില കൃഷി പദ്ധതി പ്രകാരം പാട്ടത്തിനെടുത്ത നിലത്തിന് 25,000 രൂപ സബ്‌സിഡിയും വിത്തും വളവും കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. ഉമ ഇനത്തില്‍പ്പെട്ട നെല്‍ വിത്തുകളാണ് കൃഷി ചെയ്തത്.
പ്രളയം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇരട്ടി വിളവു ലഭിക്കുമായിരുന്നിട്ടും ആദ്യകൃഷിയുടെ അങ്കലാപ്പുകളും പ്രളയം വരുത്തിയ നഷ്ടകണക്കുകളും മറന്ന് മികച്ച വിളവ് ലഭിച്ച  സന്തോഷത്തിലാണ് ഈ കൂട്ടായ്മ. ഇനിയും കൃഷി തുടരാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ഇരിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സി.കെ ആശ എം.എല്‍ എ നിര്‍വഹിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസ ിഡന്റ് ലത അശോകന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ സനല്‍ കുമാര്‍, വാര്‍ഡ് മെമ്പര്‍ എം.കെ ദാസന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ രാജു, കൃഷി ഓഫീസര്‍ പി.പി ശോഭ, കൃഷി അസിസ്റ്റന്റ്മാരായ ബിജു, ദിലീപ് പാടശേഖരസമിതിയംഗങ്ങളായ ശങ്കരന്‍, ഷീമോന്‍ എം.കെ, പി. ആര്‍ അശോകന്‍, വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.