വനംവകുപ്പ് കുളത്തൂപ്പുഴയിൽ സ്ഥാപിക്കുന്ന ഫോറസ്റ്റ് മ്യൂസിയത്തിന് വനം വകുപ്പുമന്ത്രി അഡ്വ. കെ. രാജു ശിലാസ്ഥാപനം നടത്തി. വനത്തേയും വന്യജീവികളെയും മറ്റ് ജൈവവൈവിധ്യത്തേയും സംബന്ധിച്ച അറിവ് പകരുന്നതിനായി നിർമ്മിക്കുന്ന മ്യൂസിയം കുളത്തൂപ്പുഴയുടെ മുഖഛായ മാറ്റുമെന്ന് വനം മന്ത്രി പറഞ്ഞു. വിവിധ ഇക്കോടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ മ്യൂസിയത്തിന് അനുയോജ്യമായ സ്ഥലമാണ് കുളത്തൂപ്പുഴ. ഇവിടുത്തെ നാലേക്കറോളം സ്ഥലത്ത് ഇന്നുള്ള സ്വാഭാവിക ജൈവ വ്യവസ്ഥ നിലനിർത്തിക്കൊണ്ടയിരിക്കും മ്യൂസിയം നിർമ്മിക്കുക. പ്രകൃതി സ്‌നേഹികൾക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിൽ സജ്ജമാക്കുന്ന മ്യൂസിയം സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യസംരംഭമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിബിഷൻ ഹാളുകൾ, ഓഡിയോ വിഷ്വൽ റൂം, ഇക്കോഷോപ്പ്, ട്രൈബൽ ഹട്ട്, ഗസ്റ്റ് ഹൗസ്, ചിൽഡ്രൻസ് പാർക്ക,് കുളിക്കടവ്, ലഘു ഭക്ഷണശാല തുടങ്ങിയവ ഉൾപ്പെടുന്ന, പത്തുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന, മ്യൂസിയത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിനായി നാലുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും സമയബന്ധിതമായി പണി പൂർത്തിയാക്കുമെന്ന് ഹബിറ്റാറ്റ് ഉറപ്പുനൽകിയിട്ടുണ്ടെന്നും വനം മന്ത്രി കൂട്ടിച്ചേർത്തു.

വനത്തേയും വന്യജീവികളേയും മറ്റ് ജൈവവൈവിധ്യങ്ങളേയും സംബന്ധിച്ച അറിവ് പൊതുജനങ്ങളിൽ പകരാൻ ഉതകുന്ന തരത്തിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയമാണ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണങ്ങൾക്കും പരിശീലനങ്ങൾക്കുമുള്ള സൗകര്യം ഇവിടെ ഉണ്ടാകും. ഇക്കോഷോപ്പ്, ട്രൈബൽ ഹട്ട്, ഗസ്റ്റ് ഹൗസ്, ചിൽഡ്രൻസ് പാർക്, കുളിക്കടവ്, ലഘു ഭക്ഷണശാല തുടങ്ങിയവയുമുണ്ടാകും.നിലവിലുള്ള ജൈവവൈവിധ്യം ഇതേപടി നിലനിർത്തിക്കൊണ്ടായിരിക്കും മ്യൂസിയം നിർമ്മിക്കുക.

കൂളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഡി. രതീഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് റെയിഞ്ച് ഓഫീസർ അബ്ദുൾ ജലീൽ കൃതജ്ഞത അർപ്പിച്ചു