നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ കേന്ദ്രമായി മാറിയതായി പട്ടികജാതിക്ഷേമ, പട്ടികവര്‍ഗ വികസന, നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. നാദാപുരം ആവോലത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള നിര്‍മാണത്തിന് ലോകത്തുള്ള എല്ലാ മലയാളികളുടെയും മനസ് കേരളത്തോടൊപ്പമാണ്. മന്ത്രിമാരുടെ വിദേശയാത്രയിലൂടെ 1000 കോടി രൂപ ശേഖരിക്കാനായിരുന്നു ഉദ്ദേശിച്ചത്. ഈ ദൗത്യമാണ് യാത്രാ നിഷേധത്തിലൂടെ നഷ്ടമായത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ സര്‍ക്കാറിനൊപ്പമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകും.
ശബരിമല സുപ്രീം കോടതി വിധിയില്‍ ഭരണഘടനയുടെ മൗലിക സ്വഭാവമാണ്  സംരക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്കെതിരായ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ല. ഭരണഘടന വിധേയമായി സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍  ശ്രമിക്കുന്നത്. 1991 ലെ ഹൈക്കോടതി വിധിക്കെതിരെ പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാരുകളൊന്നും അപ്പീല്‍ നല്‍കിയിട്ടില്ല.12 വര്‍ഷത്തെ വാദത്തിനും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നിഗമനത്തിന്റെയും അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധി. ഭരണഘടനാ ബഞ്ചിന്റെ ഈ വിധിക്കെതിരെപുനപരിശോധന ഹരജി നിലനില്‍ക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആരുടെയും വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തനവും നടത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. തുല്യനീതിയാണ് ലക്ഷ്യമെന്നും സ്ത്രീവിവേചനം പാടില്ലെന്നുമാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നവര്‍ വസ്തുതകള്‍ മറച്ചു വെക്കുകയാണ്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് അമ്മ സംഘടനയും ഡബ്ലു.സി സിയുമായുള്ള തര്‍ക്കം സിനിമാ വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ പ്രസിഡണ്ട് മോഹന്‍ലാലിന്റെ അനുരഞ്ജന ശ്രമങ്ങള്‍ ഫല പ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ സംഘടനയില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ഉറപ്പാക്കണമെന്ന ഡബ്ലു സി സി ആവശ്യത്തെ സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അമ്മയും ഡബ്ലു.സി.സി യും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണം. ഇത് സംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനിരയായ സിനിമാനടിയുടെ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മറ്റി രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു.