ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക കരുതലാണ് ഉള്ളതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള 2018-19 വര്‍ഷത്തെ ഉപകരണവിതരണത്തിന്‍്റെ സംസ്ഥാനതല ഉദ്ഘാടനവും എസ്.ഐ.ഇ.ടി. തയ്യാറാക്കിയ ഡിജിറ്റല്‍ ഉള്ളടക്കത്തിന്‍്റെ പ്രകാശനവും അരണാട്ടുകര ടാഗോര്‍ സെന്‍്റിനറി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിദ്യാര്‍ഥികളെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം എത്തിക്കുക എന്നത് ഉത്തരവാദിത്വമാണ്. ഇവരുടെ ശാരീരികവും മാനസികവുമായ കെല്‍പ്പ് വര്‍ദ്ധിപ്പിക്കലാണ് ലഷ്യമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‍്റെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറയിതിനുശേഷം ഉണ്ടായിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകാവുന്നതരത്തിലുള്ള മാറ്റങ്ങളാണിത്. ലോകം കേരളത്തെ ഉറ്റുനോക്കുകയാണ്. മുമ്പ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോട് വൈമുഖ്യം കാണിച്ചിരുന്ന പ്രവണത നമ്മുടെ നാട്ടില്‍ വ്യാപകമായിരുന്നു. ഇന്ന് അതിന് മാറ്റം വന്നിരിക്കുന്നു. പൊതു സമൂഹത്തിന് പൊതുവിദ്യാഭ്യാസ സ്ഥപനങ്ങളോടുണ്ടാകുന്ന വൈമുഖ്യം മാറ്റിയെടുക്കുന്നതില്‍ അധ്യാപക സമൂഹത്തിന് വലിയ പങ്ക് വഹിച്ചിരുന്നു. എസ്.എസ്.എ. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ മുഖ്യതിഥിയായി. എസ്.ഐ.ഇ.ടി. തയ്യാറാക്കിയ ഡിജിറ്റല്‍ ഉള്ളടക്കം എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി. അബുരാജില്‍നിന്ന് മന്ത്രി സ്വീകരിച്ചു.ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.വി. പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. തൃശുര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലാലി ജെയിംസ്, കൗണ്‍സിലര്‍ പ്രിന്‍സി രാജു, എസ്.എസ്.എ. അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അനില ജോര്‍ജ്, വിദ്യഭ്യാസ ഉപഡയറക്ടര്‍ എ.കെ. അരവിന്ദാക്ഷന്‍, ഡിഇഒ ജവഹര്‍ മനോഹര്‍, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ബിന്ദു പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.