വയനാട്: ആരോഗ്യമേഖലയില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് ആശ്രയമാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുന്നേറ്റം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന പ്രവൃത്തികള്‍ ഏറ്റവുമൊടുവില്‍ ദേശീയ പുരസ്‌കാരം നേടാന്‍ വരെ ആശുപത്രിയെ പ്രാപ്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ആശുപത്രി പ്രവര്‍ത്തനം. സംസ്ഥാനത്താദ്യമായി ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കിയ ആരോഗ്യകേന്ദ്രമാണ് നൂല്‍പ്പുഴ. ആര്‍ദ്രം പദ്ധതി പ്രകാരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് നൂല്‍പ്പുഴ പിഎച്ച്‌സിയെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചത്. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് 1.38 ലക്ഷം രൂപ ഇതിനായി ചെലവിട്ടു. 15 ലക്ഷം രൂപ ചെലവില്‍ ഇ-ഹെല്‍ത്ത് ഹാര്‍ഡ്‌വെയര്‍ സംവിധാനമൊരുക്കി. കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ഒപി ടിക്കറ്റിനൊപ്പം യുനീക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതു പ്രത്യേകതയാണ്. രോഗിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തുന്നതു വഴി തുടര്‍ചികില്‍സ എളുപ്പമാക്കാന്‍ ഇതുവഴി കഴിയും. സാധാരണക്കാര്‍ക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ ടെലിമെഡിസിന്‍ സംവിധാനവും ഇവിടെയുണ്ട്. ലബോറട്ടറി മോഡ്യുലാര്‍ ഫര്‍ണിച്ചര്‍, ഹെമറ്റോളജി – യൂറിന്‍ അനലൈസറുകള്‍, ഫ്‌ളൂറസന്‍സ് മൈക്രോസ്‌കോപ് തുടങ്ങിയ ഉപകരണങ്ങള്‍ ലാബില്‍ സജ്ജമാണ്. ആദിവാസി ഗര്‍ഭിണികള്‍ക്കായി പ്രതീക്ഷ എന്ന പേരില്‍ ഗര്‍ഭകാല പരിചരണകേന്ദ്രവും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു.

ആദിവാസി കുട്ടികള്‍ക്കായി വിനോദോപാധികള്‍
ണം മുടക്കി വിനോദകേന്ദ്രങ്ങളില്‍ പോവാന്‍ കഴിയാത്ത ആദിവാസി കുട്ടികള്‍ക്കായി ആശുപത്രി വളപ്പില്‍ തന്നെ ഒരുക്കിയ ഹൈടെക് പാര്‍ക്കും മികച്ച ആശയമായി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ പാര്‍ക്കില്‍ 4,13,034 രൂപയുടെ വിനോദോപാധികളാണ് സ്ഥാപിച്ചത്. ഒരേസമയം ഏഴു കുട്ടികളെ ഉള്‍ക്കൊള്ളുന്ന 2,24,715 രൂപയുടെ മള്‍ട്ടി ആക്റ്റിവിറ്റി പ്ലേ സിസ്റ്റമാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡ് ഇന്ത്യയാണ് ഒന്നര മീറ്റര്‍ നീളമുള്ള വേവ് സ്ലൈഡ് (45,410 രൂപ), മെറി ഗോ റൗണ്ട് ആനിമല്‍ (40,291), സീസോ (10,240), സ്പ്രിങ് റൈഡല്‍ ഡക്ക് (13,801), വിക്ടോറിയ ബെഞ്ച് (19,032), ബ്രിഞ്ചാല്‍ ബിന്‍ (11,241), ട്രങ്ക് ബിന്‍ (10,907), ഒരേ സമയം മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ഡീലക്‌സ് ഊഞ്ഞാല്‍ (37,397 രൂപ) എന്നിവ സ്ഥാപിച്ചത്.

അര്‍ഹതയ്ക്കും പ്രയത്‌നതത്തിനുമുള്ള അംഗീകാരം
ര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം പരിശോധിച്ച് ദേശീയതലത്തില്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) സര്‍ട്ടിഫിക്കറ്റ് 98 ശതമാനം മാര്‍ക്ക് നേടിയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം നേടിയത്. പഞ്ചായത്ത് ഭരണസമിതി മൂന്നു സാമ്പത്തിക വര്‍ഷമായി ഏകദേശം ഒന്നര കോടിയോളം രൂപ തനതു ഫണ്ടില്‍ നിന്ന് ആശുപത്രി വികസനത്തിന് അനുവദിച്ചു. കൂടാതെ 13 ലക്ഷം രൂപ എന്‍.എച്ച്.എമ്മില്‍ നിന്നും ലഭ്യമാക്കി. എല്ലാ ബുധനാഴ്ചയും മാനന്തവാടി ജില്ലാ ആശുപത്രിയിലെ ത്വക്ക്‌രോഗ വിദഗ്ധന്‍ ഡോ. അമല്‍ ശ്യാമിന്റെ സേവനം ആശുപത്രിയിലുണ്ട്. നൂല്‍പ്പുഴ പഞ്ചായത്തിലെ ആദിവാസി ഗര്‍ഭിണികള്‍ക്കായി ഡോ. മേഴ്‌സി, സുല്‍ത്താന്‍ ബത്തേരി വിനായക ആശുപത്രിയിലെ ഡോ. ഓമന എന്നിവരുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുകളുടെ സേവനവും ലഭ്യമാക്കി.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പരിശോധന മുറി, 25 ലക്ഷം രൂപ മുടക്കി നവീകരിച്ച ലബോറട്ടറി, ശീതീകരിച്ച ഫാര്‍മസി, പ്രൈമറി-സെക്കന്‍ഡറി വെയ്റ്റിംഗ് ഏരിയ, നവീകരിച്ച വാര്‍ഡ്, സ്ത്രീകള്‍ക്കായി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, ഷീ-ടോയ്‌ലറ്റ് തുടങ്ങിയവയെല്ലാം ആശുപത്രിയുടെ പ്രത്യേകതയാണ്. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഡെഫിബ്രിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്‍.ക്യു.എ.എസ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ്, നോഡല്‍ ഓഫിസര്‍ ഡോ. ലിപ്‌സി, ഇന്‍ ചാര്‍ജ് സ്റ്റാഫ് നഴ്‌സ് ട്വിങ്കിള്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ജോജിന്‍, ബയോമെഡിക്കല്‍ എന്‍ജിനീയര്‍ സപ്‌ന എിവരുടെ മേല്‍നേട്ടത്തില്‍ ജീവനക്കാര്‍ നാലു വിഭാഗമായി തിരിഞ്ഞാണ് പ്രവര്‍ത്തിച്ചത്. ഒപി, ഐപി വിഭാഗങ്ങള്‍ ഡോ. സിബിയുടെയും ഫാര്‍മസി, ലാബ് വിഭാഗങ്ങള്‍ ഡോ. സജ്‌നയുടെയും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡോ. ദാഹര്‍ മുഹമ്മദിന്റെയും പൊതുജനാരോഗ്യ വിഭാഗം ഡോ. ലിപ്‌സിയുടെയും നേതൃത്വത്തിലായിരുന്നു.

രോഗികള്‍ക്ക് ആശ്വാസമാവാന്‍ ഇലക്ട്രിക് ഓട്ടോറിക്ഷ
ശുപത്രിയുടെ നേട്ടങ്ങളുടെ അവസാന പട്ടികയിലേക്കിപ്പോള്‍ ഇലക്ട്രിക് ഓട്ടോറിക്ഷ കൂടിയെത്തിയിരിക്കുകയാണ്. നൂല്‍പ്പുഴ പഞ്ചായത്ത് 2,10,000 രൂപ ചെലവഴിച്ചാണ് അവശരായ രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയത്. സൗജന്യമായ ഓട്ടോസര്‍വീസിന്റെ ഗുണം ലഭ്യമാവുക വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായിരിക്കും. ആദ്യഘട്ടത്തില്‍ ആശുപത്രിയിലെത്തുന്ന അവശരായ രോഗികളെയും ഗര്‍ഭിണികളെയും നിരപ്പത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലും തിരിച്ചും ഓട്ടോയില്‍ എത്തിക്കും. തുടര്‍ന്ന് ആശുപത്രിയുടെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സേവനം ലഭ്യമാക്കാനുമാണ് ലക്ഷ്യം.
എല്‍.ഇ.ഡി. ലിഥിയം ബാറ്ററി ഉപയോഗിച്ചാണ് ഓട്ടോറിക്ഷ പ്രവര്‍ത്തിക്കുന്നത്. രണ്ടു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 85 കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ കഴിയും. വാഹനത്തിന്റെ രജിസ്ട്രേഷനും ബോഡിവര്‍ക്കുകളും പൂര്‍ത്തീകരിച്ച് നംവബര്‍ ആദ്യം രോഗികള്‍ക്ക് ഒട്ടോ സര്‍വീസ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുതെന്നു മെഡിക്കല്‍ ഓഫിസര്‍ ഡോ. ദാഹര്‍ മുഹമ്മദ് പറഞ്ഞു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന സന്നദ്ധ – യുവജനസംഘടനകളുടെ സഹായത്തോടെ ഓട്ടോറിക്ഷ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.