കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി; പഠന റിപ്പോര്‍ട്ടും ശുപാര്‍ശയും പ്രകാശനം ചെയ്തു

ജൈവരീതിയില്‍ മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിച്ച് ഉന്നത ഗുണനിലവാരമുള്ള കാപ്പി ഉല്‍പ്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കാന്‍ കഴിയുമെന്നു മന്ത്രി ടി.എം. തോമസ് ഐസക്. കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി പദ്ധതിയുടെ പഠന റിപ്പോര്‍ട്ടും ശുപാര്‍ശയും പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനങ്ങാടി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു.
മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിച്ചും പരമ്പരാഗത സമ്മിശ്ര കൃഷി ശാസ്ത്രീയമായ രീതിയില്‍ പരിഷ്‌കരിച്ചും ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ബണ്‍ ന്യൂട്രണ്‍ ജില്ലയില്‍ നിന്നുള്ള ഉല്‍പ്പന്നമെന്ന നിലയില്‍ വയനാടിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കയ്യടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
അടിയന്തിര ഘട്ടത്തില്‍ മരം പണയം വച്ച് ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള സൗകര്യവും പദ്ധതിയില്‍ ഉണ്ട്. കാര്‍ഷിക വായ്പാ പലിശ നിരക്കില്‍ പണം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റേയും നബാര്‍ഡിന്റേയും അനുമതിക്ക് അപേക്ഷ നല്‍കുമെന്ന് അദ്ധ്യക്ഷത വഹിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ പറഞ്ഞു. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ മീനങ്ങാടി പഞ്ചായത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി ആസൂത്രണത്തിനായി വിവരം ശേഖരണം പൂര്‍ത്തിയാക്കിയ തണല്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകരെ ചടങ്ങില്‍ മന്ത്രി അഭിനന്ദിച്ചു.
എം.എസ്.സ്വാമിനാധന്‍ ഫൗണ്ടേഷന്‍ സീനിയര്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി (പ്ലാന്‍ ആന്‍ഡ് ആക്റ്റിവിറ്റി), എന്‍വയോണ്‍സ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഡോ. അജിത്ത് മത്തായി (സില്‍വി കള്‍ചര്‍), കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടിയെക്കുറിച്ച് തണല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എസ്. രാജുവും വിശദീകരിച്ചു. മീനങ്ങാടി ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വി.സുരേഷ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. ഷജ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.