തിരുവനന്തപുരം ജില്ലാ വികസനസമിതിയോഗം കളക്ടർ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റിൽ ചേർന്നു. ലൈസൻസില്ലാത്ത ക്വാറികളും അനുബന്ധ സ്ഥാപനങ്ങളും ജില്ലയിൽ പ്രവൃത്തിക്കാൻ അനുവദിക്കില്ലെന്ന് യോഗം തീരുമാനിച്ചു.
പൂർണമായ സുരക്ഷാ സംവിധാനം ഒരുക്കാത്ത ഒരു ക്വാറിയും പ്രവൃത്തിക്കാൻ അനുവദിക്കരുതെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ യോഗത്തിൽ പറഞ്ഞു. സർക്കാർ ഒരിക്കലും അത് അനുവദിക്കില്ല. എന്നാൽ നിയമത്തിലെ ചില പഴുതുകൾ ഉപയോഗിച്ചാണ് ക്വാറി ഉടമകൾ കോടതി വിധി നേടി പ്രവർത്തിക്കുന്നത്. അവിടെ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉദേ്യാഗസ്ഥർ നടപ്പാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മാരായമുട്ടത്തുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തഹസീൽദാർ ഉൾപ്പെടെ ബന്ധപ്പെട്ട ഉദേ്യാഗസ്ഥർക്ക് ഇത് സംബന്ധിച്ച് വേണ്ടത് ചെയ്യാൻ കളക്ടർ നിർദ്ദേശം നൽകി.മെഡിക്കൽ കോളേജ് ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ആർ.ടി.ഒയെ യോഗം ചുമതലപ്പെടുത്തി. കേശവദാസപുരം – മണ്ണന്തല റോഡിലെ ഡിവൈഡറുകളിൽ റിഫ്ളെക്ടർ ഘടിപ്പിക്കാനുള്ള നിർദേശവും യോഗം അംഗീകരിച്ചു.
എം.എൽ.എ മാരായ സി.കെ. ഹരീന്ദ്രൻ, കെ. മുരളീധരൻ, കെ.എസ്. ശബരീനാഥൻ, എം.പിമാരുടേയും എം.എൽ.എ മാരുടെയും പ്രതിനിധികൾ, എ.ഡി.എം ജോൺ വി. സാമുവൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.