കൃഷിയും സംസ്‌കാരവും ഇഴചേരുന്ന കാർഷിക സംസ്‌കൃതിയുടെ മടങ്ങിവരവിനു നാന്ദികുറിച്ച് വാമനപുരം കളമച്ചൽ പാടത്ത് കൊയ്ത്തുത്സവം നടന്നു. സാംസ്‌കാരിക വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ കളമച്ചലിലെ പത്ത് ഏക്കർ പാടത്ത് മൂന്നു മാസം മുൻപു വിതച്ച നെൽവിത്തുകളുടെ വിളവെടുപ്പ് സാംസ്‌കാരിക മന്ത്രി എ.കെ. ബാലനും കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. നെല്ല് വിതച്ചതിനൊപ്പം പരിശീലനം ആരംഭിച്ച ഇടശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തിന്റെ രംഗാവതരണം നിറഞ്ഞ സദസിനു മുന്നിൽ അരങ്ങേറി.
സംസ്‌കാരിക വകുപ്പിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ നടക്കുന്ന അഗ്രി കൾച്ചർ അഥവാ ഓർഗാനിക് തിയേറ്റർ എന്ന പദ്ധതിയുടെ ഭാഗമായാണു കളമച്ചൽ പാടത്ത് കഴിഞ്ഞ മൂന്നു മാസമായി നെൽ കൃഷിയും സാസ്‌കാരിക പരിപാടികളും നടന്നുവന്നത്. വിവ കൾച്ചറൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷനും പരിപാടിയുമായി സഹകരിച്ചു.
മണ്ണും ജലവും ജൈവസമ്പത്തും വീണ്ടെടുത്ത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് കൊയ്ത്തുത്സവത്തിന്റെയും കൂട്ടുകൃഷി നാടകത്തിന്റെ രംഗാവതരണത്തിന്റെയും ഉദ്ഘാടനം ചെയ്ത് സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. അധ്വാനം കലാത്മകവും ആനന്ദകരവുമാക്കി ജൈവകൃഷിക്കും നാടകത്തിനും ഒരേ സമയം വിത്തുപാകി വിളവെടുക്കുന്ന അഗ്രി കൾച്ചർ എന്ന സാംസ്‌കാരിക പരിപാടി വരും വർഷങ്ങളിലും തുടരണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ തനതു സംസ്‌കാരത്തെ തിരികെ കൊണ്ടുവരണമെങ്കിൽ കൃഷിയോടു ചേർന്നുള്ള സാംസ്‌കാരിക മുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. മണ്ണും കൃഷിയും സംസ്‌കാരവും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാർഷിക മേഖലയുടെ ഉണർവ് ലക്ഷ്യംവച്ച് ആരംഭിച്ച പുനർജനി പദ്ധതിയിൽ സാംസ്‌കാരിക വകുപ്പിന്റെ സഹകരണമുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
കളമച്ചൽ പാടത്തെ പത്ത് ഏക്കറിൽ ജ്യോതി നെൽവിത്താണ് വിളഞ്ഞത്. ഇതിൽനിന്നു ലഭിക്കുന്ന അരി 10 കിലോ വീതം പ്രളയ ബാധിതർക്കു നൽകാനാണു ഭാരത് ഭവൻ ലക്ഷ്യമിടുന്നത്. കൊയ്ത്തുത്സവത്തിന്റെ ഭാഗമായി ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ഗ്രാമീണ കാഴ്ചകളുടേയും കാർഷിക ജീവിതത്തിന്റെയും മെഗാ ക്യാൻവാസ് ലൈവ് സ്‌കെച്ചിങും സംഘടിപ്പിച്ചിരുന്നു. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ലൈവ് സ്‌കെച്ചിങ് ഉദ്ഘാടനം ചെയ്തു.
പാടത്തോടു ചേർന്ന് പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന കൊയ്ത്തുത്സവം ഉദ്ഘാടന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.എം. റാസി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.കെ. ലെനിൻ, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, അലൈൻസ് ഫ്രാൻസെസ് ഡയറക്ടർ ഫ്രോൻസ്വ ഗ്രോഷോൻ തുടങ്ങിയവർ പ്രസംഗിച്ചു.