മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുളള സഹായം വർദ്ധിപ്പിക്കാനാവശ്യമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഇവരുടെ കുടുംബത്തിന് വർഷത്തിൽ 28,500 രൂപ നൽകിവരുന്നുണ്ട്. ഇത് അർഹതപ്പെട്ട കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തുക വർദ്ധിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും. സ്പീച്ച്, ഫിസിയോ, ഓക്യുപേഷൻ തെറാപിസ്റ്റുകളുടെ സേവനം പലർക്കും ലഭ്യമാവാത്ത സ്ഥിതിയാണ.് ഇക്കാര്യം പരിഹരിക്കാൻ ഈ സേവനങ്ങൾ സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് നൽകും. കുട്ടികൾക്കാവശ്യമായ പരിചരണം നൽകുന്നതിൽ വൈഭവമുളളവരെ കണ്ടെത്തി സ്വകാര്യ സ്ഥാപനങ്ങളിലെ കുട്ടികൾക്കു കൂടി ഈ സൗകര്യം ലഭ്യമാക്കാനാകണം. ബഡ്‌സ് സ്‌കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമ്പോൾ നിലവിൽ അവിടെ ജോലി ചെയ്യുന്നവരെ സംരക്ഷിച്ചുകൊണ്ടാകണം. കുട്ടികളുടെ നൈപുണ്യവികസനം മെച്ചപ്പെടുത്താനും പുനരധിവാസം ഉറപ്പുവരുത്താനുമുളള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് ഒരു മാസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറി വി.എസ്. സെന്തിൽ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.