ആലപ്പുഴ: സംസ്ഥാനത്തുണ്ടായ പ്രളയത്തിനു ശേഷം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വ് പകർന്ന് ജില്ലാ ഭരണകൂടത്തിന്റേയും ടൂറിസൻ പ്രമോഷൻ കൗൺസിലിന്റേയും നേതൃത്വത്തിൽ നടന്ന ഹൗസ് ബോട്ട് റാലി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രളയത്തിനു ശേഷം ജില്ലയിലെ കായലോര ടൂറിസം മേഖലകൾ സുരക്ഷിതമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. 220 ഹൗസ് ബോട്ടുകൾ, 100 ശിക്കാര വള്ളങ്ങൾ എന്നിവയാണ് സൗജന്യ യാത്രയക്കായി ഒരുക്കിത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത മൂവ്വായിരത്തോളം ആളുകൾക്കാണ് സൗജന്യ യാത്രയക്കുള്ള അവസരം ലഭിച്ചത്. പതിനഞ്ചിനു മുകളിൽ ആളുകളാണ് ഓരോ ബോട്ടിലുമായി യാത്ര നടത്തിയത്. കരിമീൻ വറുത്തത്, കോഴി കറി തുടങ്ങിയ വിഭവങ്ങളും സൗജന്യമായി അതത് ഹൗസ് ബോട്ട് ഉടമകളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള തനത് കലാരൂപങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രദർശനങ്ങളും ഇതിനോടനുബന്ധിച്ച് അരങ്ങേറി. ഹൗസ് ബോട്ട് റാലിയുടെ ഉദഘാടനവും ‘അതിജീവനത്തിന്റെ നാളുകൾ എന്ന പേരിൽ പ്രളയ ദുരിതത്തിന്റെ രക്ഷാപ്രവർത്തങ്ങളുടേയും’ ഫോട്ടോ പ്രദർശനവും വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഹൗസ് ബോട്ട് റാലിയുടെ പ്രചരണാർത്ഥം ആലപ്പുഴ ബീച്ചിൽ നിന്നും പുന്നമട ഫിനിഷിംഗ് പോയിന്റിലേക്ക് നടത്തിയ ബൈക്ക് റാലിയിൽ 50ഓളം ബൈക്കുകൾ പങ്കെടുത്തു. സ്‌കേറ്റിംഗ്, ബി.എം.ഡബ്ല്യൂ. ബൈക്ക് റാലി എന്നിവയും ഇതോടനുബന്ധിച്ച് നടത്തി.
പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്നും ആരംഭിച്ച ഹൗസ് ബോട്ടുകൾ വേമ്പനാട് കായൽ, കൈനകരി, കുട്ടമംഗലം, മുട്ടേൽ തോട്, എന്നിവടങ്ങളിലൂടെ യാത്ര നടത്തി തിരികെ ഫിനിഷിംഗ് പോയിന്റിലെത്തി.