മാനന്തവാടി ദ്വാരക എ.യു.പി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനമാഘോഷിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി നിജേഷ് വിദ്യാലയാങ്കണത്തില്‍ വരച്ച ഭൂപടത്തില്‍ പച്ച, മഞ്ഞ, നിറങ്ങളില്‍ യൂണിഫോം ധരിച്ച കുട്ടികള്‍ അണിനിരന്ന് കേരളത്തെ അണിയിച്ചൊരുക്കി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസ് തേക്കനാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലാസ് തലത്തില്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയായ ‘കേരനാട്’ പി.ടി.എ പ്രസിഡന്റ് മനു കുഴിവേലില്‍ പ്രകാശനം ചെയ്തു. ‘നവകേരള സൃഷ്ടിക്കായ്’ എന്ന പേരില്‍ നടത്തിയ ചര്‍ച്ചയില്‍ കുട്ടികള്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവച്ചു. പ്രധാനാദ്ധ്യപകന്‍ സജി ജോണ്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗം സുരേഷ് കുമാര്‍ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി.