ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പ്രഥമഘട്ടം പൂര്‍ത്തിയായി. ആദ്യഘട്ട സമാപനം പനമരം ഗ്രാമപഞ്ചായത്തിലെ എരനെല്ലൂരില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ദുരിതാശ്വാസ രംഗത്ത് പ്രൊജക്ട് വിഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പനമരം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നു തെരഞ്ഞെടുത്ത 230 ആദിവാസി കുടുംബങ്ങള്‍ക്കുള്ള കിറ്റുകളുടെ വിതരണോദ്ഘാടനവും സബ് കളക്ടര്‍ നിര്‍വഹിച്ചു.
പ്രൊജക്ട് വിഷന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 328 താത്കാലിക വീടുകളുടെ നിര്‍മ്മാണം അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തിയായി വരികയാണ്. ജില്ലയില്‍ ദുരിതബാധിതരായ 2132 കുടുംബങ്ങളിലെ 8528 പേര്‍ക്കു ആശ്വാസനടപടികളുടെ ഭാഗമായി പ്രൊജക്ട് വിഷന്‍ ഇതിനകം നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ചടങ്ങിന് പ്രൊജക്ട് വിഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ സിബു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ ടി. ഉഷാകുമാരി, പ്രൊജക്ട് വിഷന്‍ ജില്ലാ രക്ഷാധികാരിയും നീതിവേദി പ്രസിഡന്റുമായ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, പ്രൊജക്ട് വിഷന്‍ ജില്ലാ പ്രസിഡന്റ് ജോണി പാറ്റാനി, പഞ്ചായത്ത് ഭരണസമിതിയംഗം സുലൈഖ, അനസ് പനമരം, പ്രൊജക്ട് വിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ഷനൂപ്, ജോമോന്‍, ടാറ്റു ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.