മലമ്പുഴ ഉദ്യാനത്തില്‍ നടന്ന ത്രിദിന തീവ്ര ശുചീകരണ പ്രവര്‍ത്തനയജ്ഞത്തോടെ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ മലമ്പുഴയെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഗ്രീന്‍ കാര്‍പെറ്റ്, ഗ്രീന്‍ ക്ലീന്‍ പാലക്കാട് പദ്ധതിയുടെ ഭാഗമായി മലമ്പുഴയെ മാലിന്യമുക്ത മാക്കാന്‍ കേരള ടൂറിസം, ഡി.ടി.പി.സി, ശുചിത്വമിഷന്‍, ഹരിതകേരളം, ജലസേചനവകുപ്പ്, മലമ്പുഴ ഐ.ടി.ഐ, മലമ്പുഴ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് ദിവസങ്ങളിലായി മലമ്പുഴ ഉദ്യാനം, റോക്ക് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. മലമ്പുഴ ഐ.ടി.ഐ.യിലെ ഇരുന്നൂറോളം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.


മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍ അധ്യക്ഷയായി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്റെ ആശംസ ചടങ്ങില്‍ വായിച്ചു. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ രതീശന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് മാടപ്പള്ളി, പ്രസന്ന ബാബു, ഹരിതകേരളം മിഷന്‍ സംസ്ഥാന റിസോഴ്‌സ് പേഴ്‌സന്‍ ഡോ. വാസുദേവന്‍പിള്ള, ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, മലമ്പുഴ ഡാം അസിസ്റ്റന്റ് എഞ്ചിനീയര്‍ സിദ്ദിഖ്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ഡാം ക്യുറേറ്റര്‍ ആറുമുഖന്‍, ഐ.ടി.ഐ എന്‍.എസ്.എസ് മേധാവി ഭവദാസ്, എം.എല്‍.എയുടെ പി.അനില്‍കുമാര്‍ സംസാരിച്ചു.