പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം പഠനമികവിലൂടെ അന്താരാഷ്ട്ര നിലവാരം കൈവരിക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷൻ വിലയിരുത്തി. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായിരുന്നു.
ഒരു അക്കാദമിക്ക് വർഷത്തിൽ 200 പഠനദിനങ്ങൾ ഉറപ്പാക്കുകയാണ് പഠനമികവ് കൈവരിക്കാൻ പ്രധാനമായും ചെയ്യുന്നുത്. ഇതിന്റെ ഭാഗമായി അദ്ധ്യാപക പരിശീലനങ്ങൾ കഴിവതും പ്രവൃത്തി ദിനങ്ങളിൽ നിന്ന് ഒഴിവാക്കി. വിദ്യാഭ്യാസ മേളകളും മറ്റും ശനിയാഴ്ചകൂടി ഉൾപ്പെടുത്തി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പഠനദിനങ്ങളിലോ, പഠന സമയങ്ങളിലോ അദ്ധ്യപകരെ മറ്റു ജോലിക്ക് നിയോഗിക്കരുതെന്ന് സ്ഥാപനമേധാവികളോട് നിർദ്ദേശിച്ചിട്ടുണ്ട്. 200 പഠനദിനവും ആയിരം പഠനമണിക്കൂറുകളും വേണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഈ ദിവസങ്ങൾ കണക്കാക്കിയാണ് പുസ്തകങ്ങളിലെ ഉള്ളടക്കവും പഠന പ്രവർത്തനവും തയ്യാറാക്കിയിട്ടുള്ളത്.
അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 138 വിദ്യാലയങ്ങളുടെ വിശദമായ പദ്ധതിരേഖ കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ 113 സ്‌കൂളുകൾക്ക് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു. ഇതുവഴി 565 കോടി രൂപയാണ് ലഭിക്കുക. 25 സ്‌കൂളുകൾക്ക് ഉടനെ കിഫ്ബി അനുമതി പ്രതീക്ഷിക്കുന്നു. 125 കോടി രൂപ ഈ വിദ്യാലയങ്ങൾ വികസിപ്പിക്കുന്നതിന് ലഭിക്കും. 117 സ്‌കൂളുകളുടെ വിശദമായ പദ്ധതി റിപ്പോർട്ട് ഡിസംബർ മാസത്തിനകം കിഫ്ബിയ്ക്ക് സമർപ്പിക്കും. 2019 ജനുവരിയിൽ അടിസ്ഥാന സൗകര്യവികസനം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് പഴയ കെട്ടിടങ്ങൾ പൊളിക്കേണ്ടതുണ്ടെങ്കിൽ സമയബന്ധിതമായി അത് പൂർത്തിയാക്കാൻ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ക്ലാസ്സുകളുടെ താൽക്കാലിക പുനർവിന്യാസം നടത്താനാണ് തീരുമാനം. കെട്ടിട നിർമ്മാണം നടക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും.
1200 പൊതു വിദ്യാലയങ്ങളിൽ ജൈവ വൈവിധ്യ പാർക്ക് സ്ഥാപിക്കുന്നതിന് സ്‌കൂളുകൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ആദ്യഘട്ടമായി 761 സ്‌കൂളുകൾക്ക് പതിനായിരം രൂപവീതം അനുവദിച്ചു. 400 സ്‌കൂളുകൾക്ക് രണ്ടാം ഘട്ടത്തിൽ തുക അനുവദിക്കും.
കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനുള്ള ബേസ്‌ലൈൻ സർവ്വേ എസ്.എസ്.എ.യുടെയും എസ്.സി.ഇ.ആർ.ടി. യുടെയും നേതൃത്വത്തിൽ നടത്തി. സ്വതന്ത്രവായന, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ലിറ്റിൽ ഗലീലിയോ, സുരീലി ഹിന്ദി, നവപ്രഭ, ശ്രദ്ധ എന്നീ പദ്ധതികൾ പഠനനിലവാരം ഉയർത്തുന്നതിന് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഓരോ വിദ്യാലയവും അക്കാദമിക്ക് മാസ്റ്റർപ്ലാൻ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ജനുവരി 30നകം എല്ലാ സ്‌കൂളുകളിലും അക്കാദമിക്ക് മാസ്റ്റർ പ്ലാനുകൾ തയ്യാറാകും. അടിസ്ഥാന സൗകര്യവികസന പദ്ധതികൾ അതതു പ്രദേശത്തെ പൊതുജനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് നടപ്പാക്കുക.
4775 സ്‌കൂളുകളിൽ നാല്പത്തി അയ്യായിരം ക്ലാസ്സ് മുറികൾ ഹൈടെക് ആക്കിമാറ്റാൻ നടപടി ആരംഭിച്ചു. 493.5 കോടി രൂപ ഈ പദ്ധതിക്ക് കിഫ്ബിവഴി ലഭിക്കും. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. 60250 ലാപ് ടോപ്പുകൾക്കും 43750 പ്രൊജക്ടറുകൾക്കും ഓർഡർ നൽകി. അദ്ധ്യപകർക്ക് വിഷയാധിഷ്ഠിതമായി ഐ.ടി. പരിശീലനം നൽകുന്നതാണ്.
യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ധനമന്ത്രി തോമസ് ഐസക്ക്, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ, ആസൂത്രണ ബോർഡ് അംഗം കെ.എൻ. ഹരിലാൽ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എ. ഷാജഹാൻ, സാമൂഹ്യ നീതി സെക്രട്ടറി ബിജു പ്രഭാകർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജെ. പ്രസാദ്, ഹയർ സെക്കണ്ടറി ഡയറക്ടർ പി.കെ. സുധീർബാബു തുടങ്ങിയവർ പങ്കെടുത്തു.