* മുഖ്യമന്ത്രി ലോഗോ പ്രകാശനം ചെയ്തു
ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ‘#ഫ്യൂച്ചർ’ 2018 മാർച്ച് 22, 23 തീയതികളിൽ കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടിയുടെ ലോഗോ പ്രകാശനം ചെയ്തു.
വിവര സാങ്കേതികരംഗത്ത് കേരളമെന്ന ബ്രാൻറ് വളർത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ രൂപീകരിച്ച ഉന്നതാധികാര വിവരസാങ്കേതിക സമിതിയും ഐ.ടി വിദഗ്ധരും ചേർന്ന് ഉച്ചകോടി ഏകോപിപ്പിക്കും. വിവിധ ഐ.ടി വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ 2000 പ്രതിനിധികൾ പങ്കെടുക്കും. ലോകമെമ്പാടുമുള്ള ഐ.ടി കമ്പനികളിലെ മലയാളി പ്രതിഭകളെ പങ്കെടുപ്പിക്കും.
ഒരു തവണ നടത്തി അവസാനിപ്പിക്കാതെ രണ്ടുവർഷത്തിലൊരിക്കൽ ഇത്തരം ഉച്ചകോടികൾ നടത്താനുള്ള തുടർപ്രക്രിയ സ്വീകരിക്കും.
ഐ.ടി വികാസത്തിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് കേരളം. വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ, ആതിഥ്യം, യാത്ര തുടങ്ങിയ മേഖലകളിലെ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന വിദഗ്ധർ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിജ്ഞാന വ്യവസായ മേഖലയിലെ നൂതന പ്രവണതകൾ, അടിസ്ഥാന യാഥാർഥ്യങ്ങൾ, ഡിജിറ്റങ്ങൾ നൂതനാശയങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുകൂല ഹബ്ബായി കേരളത്തെ ഉയർത്തിക്കാട്ടാനുള്ള വഴികൾ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ടാണ് #ഫ്യൂച്ചർ ഉച്ചകോടി നടത്തുന്നത്.
ലോഗോ പ്രകാശന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ഉന്നതാധികാര വിവരസാങ്കേതിക സമിതി ചെയർമാൻ എസ്.ഡി. ഷിബുലാൽ, സമിതിയംഗം വി.കെ. മാത്യൂസ്, ടെക്‌നോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ തുടങ്ങിയവർ സംബന്ധിച്ചു.