മൺമറഞ്ഞ ചലച്ചിത്രപ്രതിഭകളായ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കും സംവിധായകൻ ഐ.വി ശശിയ്ക്കും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ആദരം. ഹോമേജ് വിഭാഗത്തിലാണ് ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. 15 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
ആരൂഢം, 1921, ആൾക്കൂട്ടത്തിൽ തനിയെ, മൃഗയ, ഇതാ ഇവിടെ വരെ എന്നിവയാണ് മേളയിലെ ഐ.വി ശശി ചിത്രങ്ങൾ. ജയലളിതയ്ക്കുള്ള സമർപ്പണമായി ‘ആയിരത്തിൽ ഒരുവൻ പ്രദർശിപ്പിക്കും.’ബി.ആർ പന്തുലു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എം.ജി.ആറാണ് നായകൻ.
ഐ.വി ശശി ചിത്രങ്ങൾക്കു പുറമെ മലയാളത്തിൽ നിന്ന് കെ.ആർ. മോഹനന്റെ അശ്വത്ഥാമാവ്, പുരുഷാർത്ഥം, സ്വരൂപം എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. വിഖ്യാത നടൻ ഓം പുരിയ്ക്കുള്ള ആദരമായി ഗോവിന്ദ് നിഹ്‌ലാനി സംവിധാനം ചെയ്ത ‘അർധ സത്യ’ ആണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചലച്ചിത്ര-നാടക നടി ഗീതാ സെന്നിനും ഛായാഗ്രാഹകനായിരുന്ന രാമചന്ദ്ര സെൻഗുപ്തയ്ക്കുമുള്ള സമർപ്പണമാണ് ‘നാഗരിക്”എന്ന ചിത്രം. ഇന്ത്യൻ ചിത്രങ്ങൾക്കു പുറമെ ഹോമേജ് വിഭാഗത്തിൽ വിദേശ ചിത്രങ്ങളും പ്രദർശിപ്പിക്കും.