വനിതാശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോന്നി ഗ്രാമപഞ്ചായത്തില്‍ മൊബൈല്‍ ക്രഷ് പ്രവര്‍ത്തനം ആരംഭിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി അധ്യക്ഷത വഹിച്ച ചടങ്ങ് അടൂര്‍ പ്രകാശ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി രൂപീകരിച്ച വനിതാശിശു വികസനവകുപ്പ് കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് മൊബൈല്‍ ക്രഷ്. അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെയുള്ളവരുടെ മൂന്ന് മുതല്‍  ആറ് മാസം വരെ പ്രായമുള്ള കുട്ടികളുടെ പരിചരണ സംരക്ഷണകേന്ദ്രങ്ങളായാണ് മൊബൈല്‍ ക്രഷുകള്‍  പ്രവര്‍ത്തിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കുന്ന ക്രഷുകളിലേക്ക് പ്രവര്‍ത്തകര്‍ കുട്ടികളെ വാഹനത്തില്‍ കൊണ്ട് പോകുകയും സുരക്ഷിതമായി തിരികെ വീട്ടിലെത്തിക്കുകയും ചെയ്യുന്നു. രാവിലെ ഏഴ് മണി മുതല്‍ 12.30  വരെയും, 12.30 മുതല്‍ വൈകിട്ട് ഏഴ് വരെയും നാല് ഷിഫ്റ്റുകളായി നാല് ക്രഷ് വര്‍ക്കര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. കുഞ്ഞുങ്ങള്‍ക്ക് ക്രഷില്‍ നിന്ന് പോഷകാഹാരവും മറ്റ് ശിശുപരിചരണസൗകര്യങ്ങളും ലഭ്യമാകും. കുട്ടികള്‍ക്കുള്ള പോഷകാഹാരം ക്രഷ് വര്‍ക്കര്‍മാരുടെ ഓണറേറിയം പാചകസാമഗ്രികള്‍, കുഞ്ഞുങ്ങളുടെ പരിചരണത്തിനാവശ്യമായ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ 558500 രൂപ ഇക്കൊല്ലത്തെ നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഓരോ മൊബൈല്‍ ക്രഷാണ് അനുവദിച്ചിട്ടുള്ളത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, കോന്നി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി സബ്ജഡ്ജ് ആര്‍.ജയകൃഷ്ണന്‍, സിനിമാ സീരിയല്‍ താരം നിഷ സാരംഗ്, കോന്നി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ആഷാദ്, വനിതാശിശുവികസനവകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്.ചിത്രലേഖ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.