പ്ലാസ്റ്റിക് രഹിത ശബരിമല ക്യാമ്പയിന്‍ ശ്രദ്ധ നേടുന്നു. ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാ മിഷനും ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത്. ശബരിമല തീര്‍ത്ഥാടക കാലത്ത് വേറിട്ട പ്രവര്‍ത്തനങ്ങളുമായാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ശ്രദ്ധ നേടുന്നത്. ളാഹ, കണമല വനംവകുപ്പ് ചെക്ക്പോസ്റ്റുകളോട് ചേര്‍ന്നുള്ള രണ്ട് കേന്ദ്രങ്ങളാണ് ക്യാമ്പെയിന് വേണ്ടി ഉപയോഗപ്പെടുത്തുക. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെയുള്ള സമയത്താണ് ക്യാമ്പയിന്‍. വനംവകുപ്പ് അധികൃതരുടെ സഹായം ഓരോ കേന്ദ്രങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടാകും. ചെക്ക് പോസ്റ്റുകളിലെത്തുന്ന വണ്ടികളിലെ തീര്‍ത്ഥാടകരില്‍ നിന്ന് പ്ലാസ്റ്റിക് ബാഗുകളും മറ്റും ശേഖരിക്കുന്നതിന് ശബ്ദ സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്നതിനും ഇവരുടെ സഹായമുണ്ടാകും. മുന്‍വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും പല കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന തയ്യാറാക്കി നല്‍കുന്നത് വഴി മറ്റൊരു വരുമാനം കൂടി കുടുംബശ്രീ തുണിസഞ്ചി നിര്‍മാണ യൂണിറ്റുകള്‍ക്ക് ലഭ്യമാകുമെന്ന പ്രത്യേകതയും ഉണ്ട്. ഒരു ലക്ഷം തുണിസഞ്ചികള്‍ പന്തളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ വഴി നിര്‍മിച്ച് നല്‍കാനാണ് തീരുമാനം. ഓരോ പഞ്ചായത്തുകളിലെ കുടുംബശ്രീകളിലെ 20 പേരെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു യൂണിറ്റ് കൊണ്ടാക്കുന്നു. ഒരു ദിവസം 250-300 തുണിസഞ്ചികള്‍ യൂണിറ്റുകള്‍ വഴി നിര്‍മിക്കാറുണ്ട്. തികച്ചും സൗജന്യമായാണ് ഈ തുണിസഞ്ചികള്‍ വിതരണം ചെയ്യുന്നത്. അയ്യപ്പ ഭക്തരില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റികുകള്‍ റീസൈക്കിള്‍ ചെയ്യുവാനും പുനഃചക്രമണം ചെയ്തുപയോഗിക്കാനും പദ്ധതിയുണ്ട്.