പാലക്കാട്: മണ്ഡലമാസത്തോടനുബന്ധിച്ച് ജില്ലയിലെ ക്രമസമാധാനനില വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ നേതൃത്വത്തില്‍ ചേബറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വാഹന പാസുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആരംഭിച്ചിട്ടുണ്ടെന്നും നിയമാനുസൃതവും സമാധാനപരവുമായ യോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും പൊലീസ് എല്ലാ സഹകരണവും നല്‍കുമെന്നും ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്റ അറിയിച്ചു. ഇതരസംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ തങ്ങുന്ന ഇടത്താവളങ്ങള്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ആര്‍.ഡി.ഒ തലത്തിലും താലൂക്ക്തലത്തിലും രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാനും തീരുമാനമായി. എ.ഡി.എം ടി.വിജയന്‍, പാലക്കാട് സബ് കലക്ടര്‍ ആസിഫ്.കെ യൂസഫ്, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ഡിവൈഎസ്പിമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.