കൊല്ലം: ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രചാരണത്തിനായി വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന പ്രബോധം-ബാലയുക്തി കൂട്ടായ്മയുടെ സ്‌കൂള്‍തല രൂപീകരണത്തിന് മുന്നോടിയായി ശില്പശാല നടത്തി. സ്‌കൂള്‍ യൂണിറ്റുകള്‍ക്ക് നേതൃത്വം നല്‍കേണ്ട വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശില്പശാല മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
കൊച്ചുകുട്ടികളെപോലും ലഹരിയുടെ അടിമകളാക്കുന്ന മാഫിയ സംഘങ്ങളെ ചെറുക്കാന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്ന് മേയര്‍ പറഞ്ഞു. ബാലാവകാശ നിയമങ്ങള്‍, ലഹരി ദുരുപയോഗത്തിനെതിരെയുള്ള നടപടികള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ജാഗ്രത, പ്രസംഗം, നാടകം, തനതുകലകള്‍ വഴിയുള്ള ആശയപ്രചാരണം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി.
ബിഷപ്പ് ജെറോം നഗറിലെ ജി-മാക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.ജെ. ആന്റണി അധ്യക്ഷനായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. കോമളകുമാരി, ജില്ലാ     സാമൂഹ്യനീതി ഓഫീസര്‍ എസ്. ഗീതാകുമാരി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. മുരളീധരന്‍ നായര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിജു ബെന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. ദീപക് തുടങ്ങിയവര്‍ സംസാരിച്ചു.
സനില്‍ വെള്ളിമണ്‍, എന്‍. നൗഫല്‍, അജിത്ത് പ്ലാക്കാട്, വാട്‌സണ്‍ വില്യംസ്, ഡോ. അബു ചെറിയാന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബാരാവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.