പരിമിതമായ വിഭവ സാഹചര്യങ്ങളും വെല്ലുവിളികളും അതിജീവിച്ച് തൊഴിലെടുക്കാന്‍ യുവജനങ്ങള്‍ ശ്രമിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മലമ്പുഴ ഐ.ടി.ഐ അങ്കണത്തില്‍ നടന്ന ഐ.ടി.ഐ വിദ്യാര്‍ഥികളുടെ ബിരുദദാനംകര്‍മസേന അംഗങ്ങളെ ആദരിക്കല്‍വനിതാ വിശ്രമകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനുഷിക മൂല്യങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും പരമപ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ കക്ഷിരാഷ്ട്രീയജാതി ലിംഗ വ്യത്യാസങ്ങള്‍ക്കതീതമായി നാടിന്റെ നന്മയാണ് ലക്ഷ്യമിടുന്നതെന്നും വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ വ്യക്തമാക്കി. മലമ്പുഴ ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമായ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ എം.എല്‍.എ ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ വിശ്രമ കേന്ദ്രത്തിന്റെ ശിലാഫലകം വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു. പരിപാടിയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ വിഭാഗത്തിലെ ഒ. ജി അഭിജിത്ത്, ഡീസല്‍ മെക്കാനിക് വിഭാഗത്തിലെ പി.ശബരി കൃഷ്ണന്‍ എന്നിവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. നൈപുണ്യ കര്‍മ സേനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മലമ്പുഴ ഐ.ടി.ഐ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ജോസ് ജോസഫ്, സീനിയര്‍ ഇലക്ട്രീഷ്യന്‍ ഷെഫീഖ് എന്നിവരെ അനുമോദിച്ചു. ഗ്രീന്‍ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ ഡാമും പരിസരവും ശുചീകരിച്ച യജ്ഞത്തില്‍ പങ്കാളികളായ എന്‍.മുകേഷ്, അനുരാജ് എന്നിവരെ അനുമോദിച്ചു.

മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ അധ്യക്ഷയായ യോഗത്തില്‍ നൈപുണ്യ കര്‍മ സേനയില്‍ പങ്കെടുത്ത വിവിധ ഐ.ടി.ഐകള്‍ക്കുള്ള ഉപഹാരവും നൈപുണ്യ കര്‍മസേന അംഗങ്ങള്‍ക്കുള്ള അനുമോദനവും വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി.കെ മാധവന്‍ നിര്‍വഹിച്ചു. ഗ്രീന്‍ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ ഡാമും പരിസരവും ശുചീകരിച്ചവര്‍ക്ക് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ രാജന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം വി.സുബ്രഹ്മണ്യന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ശുചിത്വമിഷന്‍ സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ ഡോ. കെ വാസുദേവന്‍ പിള്ള, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ ഐ.ടി.ഐ പ്രിന്‍സിപ്പല്‍മാര്‍, ഐ.ടി.ഐ മാനേജേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.