അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ വീണ്ടും ഒന്നാമത്

അമ്പലപ്പുഴ: 2018-19ലെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ 60 ശതമാനം തുക ചെലവഴിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നേടി. . കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം സ്ഥാനത്തായിരുന്നു അമ്പലപ്പുഴ.
ലൈഫ് ഭവനപദ്ധതിക്ക് 76 ലക്ഷം, ക്ഷീരമേഖലയിൽ 15ലക്ഷം, പാലിയേറ്റീവ് കെയറിന് 15.71 ലക്ഷം, പൂരകപോഷകഹാരത്തിന് 15 ലക്ഷം,അഗതി അശ്രയക്ക് മൂന്ന് ലക്ഷം എന്നിങ്ങനെ ആകെ 1.98കോടി രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്.
ഡിസംബറോടെ പാടശേഖരങ്ങൾക്ക് പെട്ടിയും പറയും മോട്ടോറും വാങ്ങി നൽകുന്ന പദ്ധതികൾക്കായി 33 ലക്ഷം രൂപയും നെൽകർഷകർക്കുള്ള കൂലി ചെലവ് സബ്‌സിഡിയായി 5 ലക്ഷം രൂപയും മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി 9.50 ലക്ഷം രൂപയും ഉൾപ്പടെ 47.50 ലക്ഷം രൂപ ചെലവഴിച്ച് 73 ശതമാനം ചെലവിലേക്ക് പദ്ധതി നിർവഹണം കടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ പറഞ്ഞു. 2019-20 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വർക്കിങ് ഗ്രൂപ്,ഗ്രാമസഭ,ഊരുകൂട്ടം എന്നിവ പൂർത്തിയായി കഴിഞ്ഞു.