ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ ഉത്സവത്തിന്45 ദിവസത്തിന് മുന്‍പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കണമെന്ന് എഡിഎം ടി വിജയന്‍ വെടിക്കെട്ട് നിയന്ത്രണ മുന്‍കരുതല്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഉത്സവ ആഘോഷ സമയങ്ങളില്‍ അപകടരഹിതമായി വെടിക്കെട്ട് നടത്തുവാനും കോടതിയുടെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം അറിയിച്ചു. ചെറുതും വലുതുമായി ജില്ലയില്‍ 140ഓളം ഉത്സവങ്ങളാണ് നടക്കുന്നത്. ജില്ലയുടെ പ്രത്യേകത മുന്‍നിര്‍ത്തി വിശാലമായ പാടങ്ങളിലാണ് ഭൂരിഭാഗം ഉത്സവ പറമ്പുകളും സജ്ജമാക്കുന്നത് എന്നത്‌കൊണ്ടുതന്നെ കരിമരുന്ന് പ്രയോഗത്തില്‍ അപകടസാധ്യതകള്‍ ഒട്ടുംതന്നെ ഉണ്ടാവില്ലെന്നും യോഗത്തില്‍ ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അപേക്ഷ കിട്ടിയ അഞ്ചു ദിവസത്തിനകം പരിശോധന നടത്തുമെന്നും ലൈസന്‍സ് ഇല്ലാത്ത പക്ഷം വെടിക്കെട്ടിന് അനുമതി നല്‍കില്ലെന്നും പോലീസ് വ്യക്തമാക്കി. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഫോറം എ.ഇ 6, സ്ഫോടകവസ്തു നിര്‍മ്മാതാവിന്റെ ലൈസന്‍സിന്റെ് പകര്‍പ്(പെസോ അംഗീകാരമുള്ളത്), വെടിക്കെട്ട് നടത്തുന്നതിന് സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന സംഭരണശാലക്ക് പെസോ അനുവദിച്ച ലൈസന്‍സിന്റെ പകര്‍പ്, വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ് വിശദമായ സൈറ്റ് പ്ലാന്‍(എ.3 സൈസ്) ഓണ്‍സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ നിര്‍ബന്ധമാണ്. യോഗത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍, ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, പടക്ക വ്യാപാരികള്‍ എന്നിവര്‍ പങ്കെടുത്തു

ഉത്സവ കമ്മിറ്റിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
*ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്താന്‍ എല്‍.ഇ 6 സ്ഫോടകവസ്തു ലൈസന്‍സ് നിര്‍ബന്ധം.
*പെസോ ലൈസന്‍സ് ഉള്ളവരില്‍ നിന്നും മാത്രം ഉത്സവകമ്മിറ്റി സ്ഫോടകവസ്തുക്കള്‍ വാങ്ങുക .
*വെടിക്കെട്ടിന് കൃത്യമായ സമയം രേഖപ്പെടുത്തണം.
*ജനവാസ കേന്ദ്രങ്ങളില്‍ നിന്നും പരമാവധി അകലം പാലിച്ച് വെടിക്കെട്ട് നടത്തുക.
*വെടിക്കെട്ട് നടത്തുന്ന സ്ഥലത്തുനിന്ന് കുറഞ്ഞ 100 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് നിര്‍മ്മിക്കുക
*200 മീറ്റര്‍ ചുറ്റളവില്‍ വീട്- കെട്ടിടം- സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ ഉടമസ്ഥരുടെ സമ്മതപത്രം ഉറപ്പാക്കുക
*ശബ്ദം കുറഞ്ഞതും വര്‍ണപൊലിമയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് അപകടരഹിതമായി വെടിക്കെട്ട് നടത്താന്‍ ഉത്സവകമ്മിറ്റി ശ്രദ്ധിക്കുക.

വെടിമരുന്ന് നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
*എല്‍.ഇ 6 സ്ഫോടകവസ്തു ലൈസന്‍സ് ലഭിക്കാത്ത ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് സാമഗ്രികള്‍ വിതരണം ചെയ്യരുത്.
*ലൈസന്‍സിയില്‍ അനുവദിച്ച പരിധിയില്‍ കൂടുതല്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനോ ഉപയോഗിക്കാനോ പാടില്ല
*നിര്‍മാതാക്കള്‍ ഒരേ ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ ഏറ്റെടുക്കരുത് .
*നിര്‍മാണത്തിന് നിരോധിത വസ്തുക്കള്‍ ഉപയോഗിക്കരുത് .
*പ്രദര്‍ശന സ്ഥലത്ത് അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ അളവില്‍ വെടിമരുന്ന്- പടക്കങ്ങള്‍- സംഭരിക്കാന്‍ പാടില്ല .
*നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതുമായ സ്‌ഫോടക വസ്തുകളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തണം.