കായംകുളം: സംസ്ഥാനത്തെ നാളീകേര കാർഷിക മേഖലയിലെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.നാളീകേര മേഖലയിലെ കർഷകരെ സംരഭകാരാക്കി മാറ്റും. നാളീകേരം മാത്രം ഉൽപ്പാദിപ്പിക്കുന്നവരായി കർഷകർ ഒതുങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു. കായംകുളം കൃഷ്ണപുരം സി.പി.സി.ആർ.ഐയിലെ ജില്ലാ കാർഷിക വിജ്ഞാന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഇൻകുബേഷൻ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
നാളീകേര ഉൽപ്പന്നങ്ങളുടെ വിപണന മൂല്യം വളരെ വലുതാണ്.ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഉൽപ്പാദന രംഗത്തേക്കും കർഷകർ കടന്നുവരണം. ചെറു കർഷക കൂട്ടായ്മകളിലൂടെ ഇത് സാദ്ധ്യമാവും.അതിന് വേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. ഉൽപ്പാദനത്തിനായോ സംസ്‌കരണത്തിനായോ കർഷകർ വൻകിട കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതി ഇന്നില്ല.ഇതിനായി നാട്ടിലെ ഗവേഷണ സ്ഥാപനങ്ങളിൽ സാങ്കേതിക വിദ്യകളുടെ സേവനവും കർഷകർക്കായുള്ള പരിശീലന പരിപാടികളും ലഭ്യമാണ്.

ജൈവൈവിധ്യങ്ങളാൽ സമ്പന്നമായ ഓണാട്ടുകര മേഖലയിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന്റെ പ്രവർത്തനം ഈ സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിക്കും.കേരളത്തിലെ നാളീകേരത്തിന്റെ ഉൽപ്പാദനവും അതിന്റെ മൂല്യവർദ്ധന സാദ്ധ്യതകളും പൂർണ്ണമായും പ്രയോജനപ്പെടുത്താവുന്ന 10 വർഷം നീണ്ടു നിൽക്കുന്ന സ്വപ്ന പദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്.സി.പി.സി.ആർ.ഐ പോലെയുള്ള ഗവേഷണ കേന്ദ്രങ്ങൾക്ക് ഈ കാര്യത്തിൽ വലിയ പങ്ക് വഹിക്കാനാകുമെന്നും പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലും 75 തെങ്ങുംതൈകൾ നടുമെന്നും മന്ത്രി പറഞ്ഞു.കായംകുളം എം.എൽ.എ .യു പ്രതിഭ ചടങ്ങിൽ അദ്ധ്യക്ഷയായി.കേരളം മറന്നുപോയ കാർഷിക സംസ്‌കാരത്തെ ഹരിതകേരളം എന്ന മുദ്രാവാക്യത്തിലൂടെ തിരികെ കൊണ്ടുവരാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞു. തരിശ്ശ് കിടന്ന പാടശേഖരങ്ങൾ പലതും നൂറു മേനി വിളഞ്ഞത് ഇതിന്റെ പരിണിത ഫലമാണെന്നും അവർ പറഞ്ഞു..കെ.വി.കെ മേധാവി ഡോ.പി.മുരളീധരൻ പദ്ധതി വിശദീകരിച്ചു.എ.റ്റി.എ.ആർ.ഐ ഡയറക്ടർ ഡോ.എം ചന്ദ്രഗൗഡ മുഖ്യപ്രഭാഷണം നടത്തി.സി.പി.സി.ആർ.ഐ കാസർകോഡ്് ഡയറക്ടർ ഡോ.പി.ചൗഡപ്പ,കായംകുളം മുനിസിപ്പൽ ചെയർമാൻ എൻ.ശിവദാസൻ,കൗൺസിലർ കെ.കെ അനിൽകുമാർ,കൃഷിവകുപ്പ് ഡയറക്ടർ ഡോ.പി.കെ ജയശ്രീ,ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.സുകുമാരപിള്ള തുടങ്ങിയവർ സംസാരിച്ചു.

ലക്ഷ്യം വികസനം: ഇൻകുബേഷൻ സെന്ററിൽ പ്രതീക്ഷയേറെ

കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിലൂടെ കൂടുതൽ കർഷകരേയും യുവാക്കളേയും സംരഭരാക്കി വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് ഇൻകുബേഷൻ സെന്ററിന്റെ ലക്ഷ്യം.സംസ്ഥാന കൃഷി വകുപ്പ് 70 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.ഇൻകുബേഷൻ സെന്റർ പ്രവർത്തന സജജമാവുന്നതോടെ ആധുനി്ക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള കൂടുതൽ പരിശീലനം സാദ്ധ്യമാവും.നാളീകേരം,ചക്ക,പഴ വർഗ്ഗങ്ങൾ,പച്ചക്കറികൾ,സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള പരിശീലനം ഇവിടെ നിന്നും ലഭ്യമാവും