കേരളത്തിന്റെ പുനർനിർമാണത്തിനു വഴിവിളക്കാകുന്ന നവകേരളം കർമപദ്ധതി ശിൽപശാല പൂർണമായും ഹരിതചട്ടം പാലിച്ചാണു സംഘടിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി ജൈവ നിർമിത ഉത്പന്നങ്ങളാണു പരിപാടി നടക്കുന്ന നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിലെ വേദിയിലും പരിസരങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഹരിതചട്ടം ഉറപ്പുവരുത്തുന്നതിനായി നൂറോളം ഹരിത വൊളന്റിയർമാരും സദാ പ്രവർത്തനനിരതരാണ്.

സംസ്ഥാന ശുചിത്വ മിഷനാണു ഹരിതചട്ട പാലനത്തിനു നേതൃത്വം നൽകുന്നത്. നാലാഞ്ചിറ സെന്റ് ജോൺസ് സ്‌കൂളിലെ വിദ്യാർഥികളാണ് ഹരിത വൊളന്റിയർമാരായി സേവനംചെയ്യുന്നത്.

സ്‌കൂളുകളിൽ ഹരിതചട്ടം പ്രോഗ്രാം ഓഫിസർമാരായ അദ്ധ്യാപകരുടെ ‘ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് ‘എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഹരിതചട്ടം പാലിക്കേണ്ടതിലെ ആവശ്യകത വിദ്യാർഥികളിലൂടെ പുതു തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ.