14 പാലങ്ങൾക്ക് ടോൾ പിരിവ് ഒഴിവാക്കി

പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോൾ പിരിവ് അവസാനിപ്പിക്കാൻ തീരുമാനിച്ചു. അരൂർ-അരൂർക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിൻ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണൻകോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂർ, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂൽ മടക്കര, നെടുംകല്ല്, മണ്ണൂർ കടവ് എന്നീ പാലങ്ങളുടെ ടോൾ പിരിവാണ് നിർത്തുന്നത്.

ഗജ: തമിഴ്‌നാടിന് 10 കോടി രൂപ സഹായം

ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‌നാടിനെ സഹായിക്കുന്നതിന് 10 കോടി രൂപ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

മത്സ്യത്തൊഴിലാളി ബോട്ടുകൾക്ക് നഷ്ടപരിഹാരം

ആഗസ്റ്റിലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.

തിരു. മെഡിക്കൽ കോളേജിൽ 106 പുതിയ തസ്തിക

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിച്ച എമർജൻസി മെഡിസിൻ വിഭാഗത്തിൽ 106 അധ്യാപക-അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

റേഷൻ ചില്ലറ വ്യാപാരികൾക്ക് കമ്മീഷൻ പാക്കേജ്

സംസ്ഥാനത്തെ റേഷൻ ചില്ലറ വ്യാപാരികളുടെ കമ്മീഷൻ പാക്കേജ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി എ.എ.വൈ ഒഴികെയുളള എല്ലാ വിഭാഗങ്ങൾക്കും അരി, ഗോതമ്പ്, ആട്ട എന്നിവയുടെ കൈകാര്യ ചെലവ് ഒരു രൂപയിൽ നിന്ന് രണ്ടു രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതുവഴി മിച്ചം വരുന്ന 38.6 കോടി രൂപ വാതിൽപ്പടി വിതരണത്തിൽ സപ്ലൈക്കോയ്ക്ക് ഉണ്ടാകുന്ന അധികച്ചെലവ് ക്രമീകരിക്കുന്നതിന് നൽകുന്നതാണ്.

സൈനിക സേവനത്തിനിടെ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഇളവ് ചെയ്യാൻ തീരുമാനിച്ചു. കോർപ്പറേഷനിൽ അഞ്ച് സെന്റ്, മുനിസിപ്പാലിറ്റിയിൽ പത്ത് സെന്റ്, പഞ്ചായത്തിൽ ഇരുപത് സെന്റ് എന്ന പരിധിക്ക് വിധേയമായാണ് ഈ ഇളവ്. ഒരാൾക്ക് ഒരു തവണ മാത്രമായിരിക്കും ഇളവ്.

കേരള മിനറൽസ് ആന്റ് മെറ്റൽസിലെ ഇന്ധന സംവിധാനം എൽ.പി.ജിയിൽ നിന്ന് എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുളള പദ്ധതിച്ചെലവ് 6.15 കോടി രൂപയിൽ നിന്ന് 10.01 കോടി രൂപയായി ഉയർത്താൻ അംഗീകാരം നൽകി.

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലുളള നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 3 അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

സ്ഥാനക്കയറ്റം: ഐ.എ.എസ്, ഐ.പി.എസ് പാനൽ അംഗീകരിച്ചു

1994 ഐ.എ.എസ് ബാച്ചിലെ രാജേഷ് കുമാർ സിഹ്ന, സഞ്ജയ് ഗാർഗ്, എക്‌സ്. അനിൽ എന്നിവർക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനൽ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവർക്ക് സ്ഥാനക്കയറ്റം നൽകും.

1994 ഐ.പി.എസ് ബാച്ചിലെ മനോജ് എബ്രഹാമിനെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പദവിയിലേക്ക് സ്ഥാനക്കയറ്റത്തിനുളള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

2001 ഐ.പി.എസ് ബാച്ചിലെ എ.ആർ. സന്തോഷ് വർമ്മയെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാർ ഗുപ്ത, എ. അക്ബർ, കോറി സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേഷ്‌കുമാർ എന്നിവരെ ഡി.ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

സംസ്ഥാനത്തെ 32 ലാന്റ് അക്വിസിഷൻ യൂണിറ്റുകളിലെ 460 തസ്തികകൾക്ക് 2018 സപ്തംബർ 1 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

കേരള സർവകലാശാലയുടെ സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും ചുമതലകൾ നിർവഹിക്കുന്നതിന് ബദൽ ക്രമീകരണം എന്ന നിലയ്ക്ക് സർക്കാർ നാമനിർദേശം ചെയ്യുന്ന അംഗങ്ങളെ ഉൾപ്പടുത്തി ഒരു സമിതി രൂപീകരിക്കുന്നതിനുളള ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.