ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ പ്രളയാനന്തര പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സഹകരണ മേഖലയെ കൂട്ടിയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന കെയർ ഹോം പദ്ധതിവഴി ആദ്യ ഘട്ടത്തിൽ വീട് ലഭിക്കുന്നത് 2000 പേർക്ക്. സഹകരണ വകുപ്പിന്റെ തന്നെ കെയർ കേരള പദ്ധതിയുടെ ഉപ പദ്ധതിയാണിത്. മൂന്നു ഘടകങ്ങളാണ് കെയർ കേരള പദ്ധതിയിലുള്ളത്. കെയർ ഹോം, കെയർലോൺ, കെയർ ഗ്രേസ് . ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഉപപദ്ധതിയാണ് പ്രളയദുരന്തത്തിൽ സമ്പൂർമായി വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചു നൽകുന്നതിനുള്ള കെയർഹോം പദ്ധതി. ഈ പദ്ധതി പ്രകാരം സമ്പൂർണ്ണമായി വീട് നഷ്ടപ്പെട്ട 2000 കുടുംബങ്ങൾക്ക് ഒന്നാം ഘട്ടത്തിൽ വീട് വച്ചു നൽകുന്നു. സഹകരണ സംഘങ്ങളുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരമുള്ള വീടുകളുടെ ആദ്യ ശിലാസ്ഥാപന ചടങ്ങാണ് ഇന്നലെ ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി് വിജയൻ നിർവഹിച്ചത്. പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം-57, കൊല്ലം- 42, പത്തനംതിട്ട- 114, ആലപ്പുഴ- 244, കോട്ടയം- 83, ഇടുക്കി -212, എറണാകുളം- 337, തൃശൂർ- 460, പാലക്കാട-് 206, മലപ്പുറം- 90, കോഴിക്കോട-് 44, വയനാട് -84, കണ്ണൂർ -20, കാസർഗോഡ് -7 എന്നിങ്ങനെ 2000 വീടുകൾ നിർമ്മിക്കുന്നത്. മൂന്നുമാസത്തിനകം ആദ്യ ഘട്ടം പൂർത്തിയാക്കും.
സംസ്ഥാന സഹകരണ -ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ സഹകരണമേഖലയാകെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇതിനായി നടക്കുന്നത്. കെയർ ഹോം പദ്ധതികൾക്കായി 14 ജില്ലകളിൽ 2500ലധികം സംഘങ്ങൾ തുക സംഭാവനയായി നൽകി. 44.98 കോടി രൂപ ലഭിച്ചു. കെയർഹോം പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതിക്കുവേണ്ടി സഹകരണ വകുപ്പുമന്ത്രിയുടെ നിർദ്ദേശ പ്രകാരം സഹകരണസ്ഥാപനങ്ങൾ ലാഭ വിഹിതം പദ്ധതിക്ക് നൽകുവാനും തീരുമാനിച്ചു. ഇതനുസരിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ പേരിലുള്ള അക്കൗിൽ 12.76 കോടി രൂപ ലഭിച്ചു കഴിഞ്ഞു.

കെയർഹോം പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനതല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി അംഗീകരിച്ച് നൽകുന്ന സഹകരണ സ്ഥാപനങ്ങളിലൂടെയാണ് പദ്ധതി നിർവഹണം ഏറ്റെടുക്കേണ്ടത്. നിർമ്മാണത്തിൽ സുതാര്യതയും, ജനകീയ പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനായി ഒരു ഗുണഭോക്തൃ സമിതിയും രൂപീകരിച്ചാണ് ഭവന നിർമ്മാണം നടത്തുന്നത്. നിർമ്മാണ ഏജൻസിയായി തെരഞ്ഞെടുക്കപ്പെടുന്ന സഹകരണ സംഘത്തിന്റെ പ്രസിഡന്റും , ഒരു ഭരണസമിതി അംഗം, സഹകരണ സംഘം സെക്രട്ടറി , ഗുണഭോക്താവ് , ബന്ധപ്പെട്ട പഞ്ചായത്തിന്റെ പ്രതിനിധിയും , ജില്ലാ കലക്ടറുടെ പ്രതിനിധിയും ഉൾപ്പെടുന്ന ഗുണഭോക്തൃ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്.