സംസ്ഥാന സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെ വനിതാ ആരോഗ്യസംരക്ഷണപദ്ധതിയായ സീതാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ഗവ. ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിമന്‍സെല്‍ യൂണിറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ആരോഗ്യബോധവത്കരണ ശില്പശാല  നടത്തി. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബി ആനി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. മുകുന്ദന്‍  അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര സംവിധായകനും ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുമായ ഡോ. ഡി. ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സീതാലയം ചാര്‍ജ്ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതി ഏലിയാമ്മ ജോണ്‍ പദ്ധതി വിശദീകരിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു.ജി.തരിയന്‍, വാര്‍ഡ് അംഗം മിനി ജോണ്‍, പ്രിന്‍സിപ്പല്‍ ആര്‍.രാജശ്രീ, ഡോ. ശീതള്‍ സുഗതന്‍, ഡോ. രമാദേവി വി.എന്‍  എന്നിവര്‍ പ്രസംഗിച്ചു. ‘യുവത്വവും മാനസിക ആരോഗ്യവും മാറുന്ന സമൂഹത്തില്‍’ എന്ന വിഷയത്തില്‍ പത്തനംതിട്ട അഗാപ്പെ കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ജോണ്‍ ജേക്കബ്ബ്, ‘സ്ത്രീജന്യരോഗങ്ങളും പരിഹാരവും’ എന്ന വിഷയത്തില്‍ ഹോമിയോപ്പതി കണ്‍സള്‍ട്ടന്റ്  ഡോ. മിനി ഉണ്ണികൃഷ്ണന്‍ എന്നിവര്‍  ക്ലാസുകള്‍ നയിച്ചു.
ഹോമിയോപ്പതി വകുപ്പിന്റെ വനിത ആരോഗ്യസംരക്ഷണ പദ്ധതിയായ സീതാലയം സ്ത്രീകളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാരീരിക മാനസിക വൈകാരിക തലങ്ങളിലുള്ള ആരോഗ്യവും സാമൂഹികസൂരക്ഷയും ഉറപ്പുവരുത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് സീതാലയം പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ പന്തളം ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയോടനുബന്ധിച്ച്  പ്രവര്‍ത്തിക്കുന്ന സീതാലയത്തിന്റെ സേവനം  നിരവധി സ്ത്രീകള്‍ പ്രയോജനപ്പെടുത്തി വരുന്നു.