പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ പ്രസിദ്ധീകരിച്ച ടാലന്റ്‌ലാബ് എന്ന കൈപ്പുസ്തകത്തിന്റെ  ജില്ലാതല പ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത നിര്‍വഹിച്ചു. സമഗ്രശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍ കൈപ്പുസ്തകത്തിന്റെ ഉള്ളടക്കവും പ്രാധാന്യവും വിശദീകരിച്ചു.
     പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ കുട്ടികളെയും അവരുടെ കഴിവിന്റെ പൂര്‍ണതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്  വിദ്യാലയങ്ങളില്‍ ടാലന്റ്‌ലാബ് എന്ന ആശയം നടപ്പാക്കുന്നത്. എല്ലാ കുട്ടികളുടെയും വിവിധങ്ങളായ വൈഭവങ്ങള്‍ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളും സാഹചര്യങ്ങളുമുള്ള വിദ്യാലയമാണ് ടാലന്റ്‌ലാബ്. കുട്ടികള്‍ സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനും, സ്വയം വിലയിരുത്തി മുന്നേറാനുമുള്ള അനുഭവങ്ങള്‍ ഇത്തരം വിദ്യാലയത്തില്‍ ഉണ്ടായിരിക്കും.
     ടാലന്റ്‌ലാബിന്റെ  ഉദ്ദേശ്യങ്ങള്‍, ടാലന്റ്് കണ്ടെത്തുന്നതിനുള്ള തന്ത്രങ്ങള്‍, ടാലന്റ്‌ലാബിന്റെ പ്രവര്‍ത്തനങ്ങള്‍, സാധ്യതകള്‍, കുട്ടികള്‍ക്കുള്ള വിദഗ്ദ്ധസഹായം, രക്ഷിതാക്കളുടെ പങ്ക്, സാമൂഹ്യപങ്കാളിത്തം, വിദ്യാലയത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, അധ്യാപകരുടെ പങ്ക് തുടങ്ങിയ കാര്യങ്ങളാണ് അധ്യാപകര്‍ക്കായി തയാറാക്കിയിരിക്കുന്ന ടാലന്റ്‌ലാബ് എന്ന കൈപ്പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും  കൈപ്പുസ്തകത്തിന്റെറ കോപ്പികള്‍ നല്‍കും.
        ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സാക്ഷരതാമിഷന്‍  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി മാത്യു, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂസന്‍ പി.ജോണ്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി ശ്യാമള എന്നിവര്‍ സംബന്ധിച്ചു.