സർഗോത്സവത്തിന് അരങ്ങുണർന്നു. കനകക്കുന്ന് നിശാഗന്ധിയിലെ പ്രൗഢഗംഭീരമായ വേദിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ സർഗോത്സവത്തിന് തിരിതെളിച്ചു. പട്ടികവർഗ വികസന വകുപ്പിനു കീഴിലെ 20 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും 112 ഹോസ്റ്റലുകളിലുംനിന്നുള്ള വിദ്യാർഥികളാണ് മൂന്നു നാൾ നീളുന്ന കലാമേളയ്ക്കായി അനന്തപുരിയിലെത്തിയിരിക്കുന്നത്. പാരമ്പര്യ ഗോത്ര കലാരൂപങ്ങളും തദ്ദേശീയ നൃത്തരൂപങ്ങളുമായി ഇനിയുള്ള രണ്ടു നാൾ അവർ അനന്തപുരിക്ക് കലാവിരുന്നൊരുക്കും.
നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നിൽ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ പി. പുകഴേന്തി പതാക ഉയർത്തിയതോടെയാണ് ആറാമത് സർഗോത്സവത്തിന് തുടക്കമായത്. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി വെള്ളയമ്പലത്തുനിന്ന് കനകക്കുന്നിലേക്കു നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ നൂറുകണക്കിനു വിദ്യാർഥികളും രക്ഷകർത്താക്കളും പങ്കെടുത്തു. ഗോത്ര സംസ്‌കാരത്തിന്റെ വൈവിധ്യം വിളിച്ചോതുന്നതായിരുന്നു സാംസ്‌കാരിക ഘോഷയാത്ര.
ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ഞാറനീലി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച സ്വാഗതഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും സദസിന്റെ പ്രശംസയേറ്റുവാങ്ങി. കെ. മുരളീധരൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, പട്ടികവർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ. പ്രസന്നൻ, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫിസർ സി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
നിശാഗന്ധിക്കും സൂര്യകാന്തിക്കും പുറമേ നീലാംബരി, നീലക്കുറിഞ്ഞി, കണിക്കൊന്ന എന്നിങ്ങനെ മൂന്നു പ്രത്യേക വേദികളും സർഗോത്സവത്തിനായി ഒരുക്കിയിട്ടുണ്ട്. മുഖ്യവേദിയായ നിശാഗന്ധിയിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന പരമ്പരാഗത നൃത്തമത്സരം നഗരത്തിന് നവ്യാനുഭവമായി. ഊരുകളിൽ വിശേഷാവസരങ്ങളിൽ മാത്രം അവതരിപ്പിക്കുന്ന തദ്ദേശീയ നൃത്തങ്ങൾ അനന്തപുരി രാവേറുവോളം ആസ്വദിച്ചു. ലളിതഗാനം, സംഘഗാനം, കവിതാപാരായണം, കവിതാരചന, ഉപന്യാസം, പ്രസംഗം എന്നിവയായിരുന്നു ആദ്യ ദിനത്തിലെ മറ്റു മത്സരങ്ങൾ.
ഇന്ന് (ഡിസംബർ 04) നാടകം, നാടോടിനൃത്തം, മിമിക്രി എന്നിവയാണു വേദിയിലെത്തുന്ന പ്രധാന മത്സരങ്ങൾ. നാളെയാണു(ഡിസംബർ 05) സർഗോത്സവത്തിനു തിരശീലവീഴുന്നത്.
 സർഗോത്സവം കേരളം ശ്രദ്ധിക്കുന്ന കലാമേള
മന്ത്രി എ.കെ. ബാലൻ
പട്ടികവർഗ വകുപ്പിന്റെ സംസ്ഥാന കലാമേളയായ സർഗോത്സവത്തിന് ചുരുങ്ങിയ കാലംകൊണ്ട് കേരളം ശ്രദ്ധിക്കുന്ന കലാമേളയായി മാറാൻ കഴിഞ്ഞതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലൻ. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിന് കലാകായിക കഴിവുകൾ പരിപോഷിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ സർഗോത്സവം 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാകായിക രംഗത്തെ കഴിവുകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി വികസിപ്പിക്കുമ്പോൾ വിദ്യാർഥികളിൽ വ്യക്തിത്വ വികാസം സാധ്യമാകും. നല്ല കലാകാരൻ രൂപപ്പെടുന്നുവെന്നു പറഞ്ഞാൽ നല്ല മനുഷ്യൻ രൂപപ്പെടുന്നുവെന്നാണ്. നല്ല മനുഷ്യരെ രൂപപ്പെടുത്തുന്നാകണം കലാമേളകൾ. സർഗോത്സവംപോലുള്ള കലാമേളകൾ നല്ല തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു