സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിച്ചതോടെ പ്രളയമേൽപ്പിച്ച ആഘാതത്തിൽ നിന്നും വയനാടൻ ടൂറിസം മേഖല ഉണർവിന്റെ പാതയിൽ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം സഞ്ചാരികളുടെ എണ്ണം വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുറുവാദ്വീപിൽ പ്രവേശനത്തിനു നിയന്ത്രണമുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ല. പാൽവെളിച്ചം ഭാഗത്തു ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ദിവസേന ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ സാമ്പത്തിക വർഷം നവംബർ 30 വരെ 31,612 സഞ്ചാരികൾ പാൽവെളിച്ചം വഴി കുറുവാദ്വീപിലെത്തി. ഇതുവഴി 12,52,417 രൂപയാണ് ഡിടിപിസിക്ക് ലഭിച്ചത്. 99,815 സഞ്ചാരികൾ പൂക്കോട് സന്ദർശിച്ചതു വഴി 3,31,362 രൂപ വരുമാനം ലഭിച്ചു. അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയത്തിൽ 2,17,640 രൂപയാണ് നവംബർ 30 വരെയുള്ള വരുമാനം. 10,765 പേർ ഇക്കാലയളവിൽ മ്യൂസിയം സന്ദർശിച്ചു. എടയ്ക്കൽ ഗുഹയിൽ 59,729 സഞ്ചാരികളെത്തി. ഇതുവഴി 18,00,230 രൂപ ഡിടിപിസിക്ക് ലഭിച്ചു. കാന്തൻപാറ വെള്ളച്ചാട്ടം കാണാനും നിരവധി വിനോദസഞ്ചാരികൾ എത്തി. നവംബർ 30 വരെ 16,362 സഞ്ചാരികൾ ഇവിടെയെത്തിയതു വഴി 6,33,180 രൂപയാണ് വരുമാനം. മികച്ച അഡ്വഞ്ചർ ടൂറിസം കേന്ദ്രമായി വികസിക്കുന്ന കർലാട് തടാക പരിസരം ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ്. 8,992 സഞ്ചാരികൾ കഴിഞ്ഞ മാസം വരെ ഇവിടെയെത്തി. 5,29,170 രൂപ വരുമാനം ലഭിച്ചു.
2107-2018 സാമ്പത്തിക വർഷം നവംബർ വരെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയവരുടെ കണക്കനുസരിച്ച് പൂക്കോട് തടാകം സന്ദർശിക്കാൻ 8,80,666 സഞ്ചാരികളെത്തിയതിലൂടെ ഡിടിപിസിക്ക് 2,82,78,540 രൂപയുടെ വരുമാനം ലഭിച്ചു. ഹെറിറ്റേജ് മ്യൂസിയം 1,01,839 പേർ സന്ദർശിച്ചു. ഇവിടുനിന്നും 4,51,430 രൂപയുടെ വരുമാനവും ലഭിച്ചു. എടയ്ക്കൽ ഗുഹ 4,08,884 പേർ സന്ദർശിച്ചതിലൂടെ 1,27,50,500 രൂപയും കുറുവാദ്വീപിൽ നിന്നും 31,01,310 രൂപയുടെ വരുമാനവും ലഭിച്ചിട്ടുണ്ട്. ആകെ 1,03,331 സന്ദർശകരാണ് കുറുവാദ്വീപ് കാണാനെത്തിയത്. കാന്തൻപാറ വെള്ളച്ചാട്ടം 4,59,18 സന്ദർശിച്ചതിലൂടെ 18,09,120 രൂപയും 75,408 പേരെത്തിയ കാർലാട് തടാകത്തിലൂടെ 56,02,890 രൂപയും വരുമാനമായി ലഭിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ടൂറിസം മേഖലയിലുണ്ടായ നേട്ടങ്ങൾക്കപ്പുറം എത്താനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. പുതിയ കേന്ദ്രങ്ങൾ കണ്ടെത്തി ഇവിടങ്ങളിൽ ടൂറിസം വികസന പ്രവൃത്തികൾ നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറുമ്പാലക്കോട്ടയിൽ റവന്യൂ-കൈയേറ്റ ഭൂമികൾ വേർതിരിക്കാനുള്ള സർവേ നടന്നുവരികയാണ്. കോട്ടത്തറ, അഞ്ചുകുന്ന് വില്ലേജുകളിലായി കിടക്കുന്ന കുറുമ്പാലക്കോട്ടയിൽ കോട്ടത്തറയിലെ സർവേ നടപടി പൂർത്തിയായി. പ്രളയത്തിൽ നാശനഷ്ടം നേരിട്ട ടൂറിസം കേന്ദ്രങ്ങളുടെ പുനരുദ്ധാരണം ഡിസംബർ പതിനഞ്ചിനകം പൂർത്തിയാക്കും. റോഡുകളുടെ പുനരുദ്ധാരണം കൂടി പൂർത്തിയാവുന്നതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വർധിക്കുമെന്നാണ് പ്രതീക്ഷ.
ടൂറിസം വികസനത്തിന്റെ ഭാഗമായാണ് വയനാട് മൂന്നാംതവണയും രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാവുന്നത്. ജില്ലയെ എംടിബിയുടെ സ്ഥിരം വേദിയാക്കുകയാണ് ലക്ഷ്യം. ഇതുവഴി വിദേശസഞ്ചാരികളുടെതടക്കം സ്ഥിരം സാന്നിധ്യമാവുകയാണ് വയനാടിന്റെ ലക്ഷ്യം.