സംസ്ഥാനത്തിന്റെ തനത് പാനീയമെന്ന നിലയില്‍ നീര അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കി പുതിയ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. നാളികേര വികസന കോര്‍പ്പറേഷന്‍ എലത്തൂരില്‍ സ്ഥാപിച്ച നീര പ്ലാന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ആരോഗ്യ പാനീയങ്ങളില്‍ ഏക പ്രകൃതിദത്തമായ പാനീയം നീരയാണ്. അതിനാല്‍ സോഫ്റ്റ് ഡ്രിങ്ക് സംസ്‌കാരത്തില്‍ നിന്നും മാറി ഹെല്‍ത്ത് ഡ്രിങ്ക് സംസ്‌കാരത്തിലേക്ക് വരുമ്പോള്‍  പ്രകൃതിദത്ത പാനീയം എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സാധിക്കുന്ന പാനീയം കൂടിയാണ് നീര. നീര അതിന്റെ പ്രകൃതിദത്തമായ സ്വാഭാവികതയില്‍ വില്‍പന നടത്തണം. നീരയുടെ നിറം, ഗുണനിലവാരം, രുചി, കേടു കൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ചേരുവകള്‍ എന്നിവ സംബന്ധിച്ചു പൊതു മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍  മുഖ്യാതിഥിയായി. പ്രതിദിനം 300 ലിറ്റര്‍ ഉത്പാദനശേഷിയുള്ള പൈലറ്റ് പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചത്. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി എലത്തൂരില്‍ ആരംഭിക്കുന്ന കേരാധിഷ്ഠിത  ഉത്പന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും നീര ടെക്‌നീഷ്യന്‍ പ്രവര്‍ത്തനത്തിന്റെ  ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എം. സുനില്‍ കുമാര്‍  സ്വാഗതവും ജനറല്‍ മാനേജര്‍ കെ എസ് ജയേഷ് നന്ദിയും പറഞ്ഞു.  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി പുഷ്‌കരന്‍,  കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി റഹിയ,  വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍,  കെ.എസ്.സി.ഡി.സി ഡയറക്ടര്‍മാരായ പി വിശ്വന്‍, എ.എന്‍ രാജന്‍, പി ടി ആസാദ്,  അഡ്വ കെ എസ് രവി,  സിപിസി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.