സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകള്‍ സഹകാരി സൗഹൃദ ഓഫീസുകളായി മാറണമെന്ന് ടൂറിസം-സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് താമരശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാനാകണം. ഓരോ ഫയയലുകളിലുമുള്ള ജീവിതങ്ങള്‍ ഉദ്യോഗസ്ഥര്‍ കാണാതെ പോകരുത്. വിശ്വാസമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ കാതല്‍. നോട്ട് നിരോധന കാലത്ത് സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നിരവധി ശ്രമങ്ങളുണ്ടായിട്ടും ജനങ്ങളുടെ വിശ്വാസം കൊണ്ടുമാത്രമാണ് അതിജീവിക്കാന്‍ സഹായകമായത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണെന്ന് ആരോപിച്ച്  പരിശോധനകള്‍ നടത്തിയെങ്കിലും ഒരിടത്തുപോലും കള്ളപ്പണം കണ്ടെത്താനായില്ല.
സ്നേഹം കൊണ്ട് മാത്രമാണ് പ്രളയകാലത്ത് നമ്മള്‍ പിടിച്ചു നിന്നത്. യുഎഇയുടെ സഹായം നിരസിച്ചതോടെ മറ്റ് പല രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കോടിയുടെ സഹായമാണ് നഷ്ടമായത്. എങ്കിലും നമ്മുടെ സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ അതിജീവിക്കുന്നതിന് തെളിവാണ് കെയര്‍ഹോമിന്റെയടക്കമുള്ള നേതൃത്വത്തില്‍ ഉയരുന്ന വീടുകള്‍. കെയര്‍ഹോമിന്റെ 4000 വീടുകളില്‍ 2000 എണ്ണത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തോടെ കൈമാറും. പുരോഗമനപരമായ ആശയങ്ങള്‍ നിലനിര്‍ത്തുന്നതിനും നവോത്ഥാന പ്രസ്ഥാനങ്ങള്‍ നല്‍കിയ വെളിച്ചം കെടാതെ സൂക്ഷിക്കാനും നമുക്കാകണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം താമരശേരി-മാനിപുരം റോഡിലെ എംഎംആര്‍ കെട്ടിടത്തിലാണ് ഓഫീസ് ആരംഭിച്ചത്. അസിസ്റ്റന്റ് രജിസ്ട്രാര്‍, ഓഫീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പുറമെ പുനക്രമീകരണം വഴി കോഴിക്കോട് താലൂക്കില്‍ നിന്ന് 4 ഇന്‍സ്‌പെക്ടര്‍മാരും കൊയിലാണ്ടി താലൂക്കില്‍ നിന്നുള്ള ഒരു ഇന്‍സ്‌പെക്ടറുമടക്കം 7 ജീവനക്കാരാണ് താമരശേരി  ഓഫീസില്‍ നിലവിലുള്ളത്. താമരശേരി, തിരുവമ്പാടി എന്നിങ്ങളെ രണ്ട് യൂണിറ്റുകളാണ് ഓഫീസിന് കീഴിലുണ്ടാകുക
ചടങ്ങില്‍ കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി എന്നിവര്‍ മുഖ്യാതിഥികളായി. അസി. രജിസ്ട്രാര്‍ പ്ലാനിങ് എ കെ അഗസ്റ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എം രാധാമണി, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എന്‍ എ ശെല്‍വകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി ഹുസയിന്‍, പിഎസിഎസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ രമേശ്ബാബു, താമരശേരി താലൂക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍, വിവിധ രാഷ്ട്രീയപാര്‍ടി, യൂണിയന്‍ പ്രതിനിധികള്‍, സഹകരണ സ്ഥാപന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ ഉദയഭാനു സ്വാഗതവും താമരശേരി അസി. രജിസ്ട്രാര്‍ (ജനറല്‍) ബി സുധ നന്ദിയും പറഞ്ഞു.