ശബരിമല: സന്നിധാനത്ത് ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണമൊരുക്കി പോലീസ് മെസ്. കണ്ണൂര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ അംഗങ്ങളുടെ സംഘാടനത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറ്റമറ്റ രീതിയിലാണ് ഭക്ഷണശാലയുടെ പ്രവര്‍ത്തനം. പ്രതിദിനം അഞ്ചു നേരം 2500ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇവിടെ വിവിധ വിഭവങ്ങള്‍ വിളമ്പുന്നത്. അറുപത് പേര്‍ വീതമടങ്ങുന്ന പോലീസ് സംഘത്തിനാണ് മെസ് ചുമതല. പച്ചക്കറികള്‍ അരിയില്‍, പാചകം ഉള്‍പ്പെടെ ഭക്ഷണശാലയിലെ എല്ലാകാര്യങ്ങളും ഇവരാണ് നിര്‍വ്വഹിക്കുന്നത്. പൂലര്‍ച്ചെ മൂന്ന് മുതല്‍ രാത്രി വൈകിയും ഉദ്യോഗസ്ഥര്‍ മാറി മാറി ജോലി ചെയ്താണ് കുറ്റമറ്റരീതിയില്‍ ഭക്ഷണശാലയെ മുന്നോട്ടുകൊണ്ടുപോകുന്നത്. നല്ല വിഭവങ്ങളൊരുക്കാന്‍ കോട്ടയം ജില്ലയിലെ അയര്‍കുന്നം, പറക്കോട് മേഖകളില്‍ നിന്ന് ആഴ്ചയില്‍ മൂന്നു തവണ നേരിട്ട് ഭക്ഷണശാലയിലേക്ക് പച്ചക്കറികളെത്തിക്കുകയാണ്. പതിവ് വിഭവങ്ങള്‍ക്കൊപ്പം പഴങ്ങള്‍ കൂടി ലഭ്യമാക്കുന്നതും പോലീസ് ഭക്ഷണശാലയുടെ പ്രത്യേകതയാണ്. കണ്ണൂര്‍ ബറ്റാലിയനിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ പാചകം കെങ്കേമമാക്കുമ്പോള്‍ മറ്റുള്ളവര്‍ സ്വീകരണവും വിളമ്പലും മാതൃകാപരമായി കൈകാര്യം ചെയ്യുകയാണ്. അസിസ്റ്റന്റ് കമാഡന്റ് സി. അശോകനാണ് ഭക്ഷണശാലയുടെ നടത്തിപ്പ് ചുമതല. ഇദ്ദേഹത്തെ സഹായിക്കാന്‍ രണ്ട് സി.ഐമാര്‍, അഞ്ച് എസ്.ഐമാര്‍ എന്നിവരുമുണ്ട്. ഐ.ജ.ി കോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍ ആണ് മേല്‍നോട്ടം വഹിക്കുന്നത്.